
ന്യൂഡല്‍ഹി: ഒരു പുരുഷനും പ്രായപൂര്‍ത്തിയായ ഭാര്യയും തമ്മിലുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം ശിക്ഷാര്‍ഹമല്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയുടെ സമ്മതമില്ലെങ്കിലും ഇത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി.
ഭര്‍ത്താവിന്റെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ശേഷം ഭാര്യ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനും കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ വിചാരണ കോടതി ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും ഇയാള്‍ക്ക് അനുകൂല വിധിയാണ് ഉണ്ടായത്. ഇന്ത്യയില്‍ വൈവാഹിക ബലാത്സംഗം നിയമപ്രകാരം ശിക്ഷാര്‍ഹമല്ല. ഹൈക്കോടതി വിധി ഇപ്പോള്‍ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തെയും ശിക്ഷയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നുവെന്നും കോടതി വ്യക്തമാക്കുന്നു.
ഭാര്യക്ക് 15 വയസ്സിന് മുകളില്‍ പ്രായമുണ്ടെങ്കില്‍, ‘ഏതെങ്കിലും ലൈംഗിക ബന്ധമോ’ ഭര്‍ത്താവിന്റെ ലൈംഗിക പ്രവൃത്തിയോ ഒരു സാഹചര്യത്തിലും ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും അതിനാല്‍, പ്രകൃതിവിരുദ്ധ ലൈംഗികത ഭാര്യയുടെ സമ്മതമില്ലാതെ നടന്നാലും കുറ്റമല്ലെന്നും കോടതി വിധിയില്‍ പറഞ്ഞു.
വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നിരവധി ഹര്‍ജികള്‍ പരിഗണിച്ചിരുന്നു, എന്നാല്‍ ബെഞ്ചിന്റെ തലവനായ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കാന്‍ പോകുന്നതിനാല്‍ വാദം കേള്‍ക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പുതിയ ബെഞ്ച് ഈ വിഷയം കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.