
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫിന് വാഹന ലോകത്ത് നിന്ന് വൻ തിരിച്ചടി. അമേരിക്കയിലേക്ക് വാഹനങ്ങളെത്തിക്കുന്നത് ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ജാഗ്വാർ ലാൻഡ് റോവർ നിർത്തി. അമേരിക്കയിലേക്കുള്ള വാഹന കയറ്റുമതി താൽക്കാലികമായാണ് നിർത്തിവച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്.
ട്രംപ് ഭരണകൂടം അടുത്തിടെ നടപ്പിലാക്കിയ വ്യാപാര നയങ്ങൾക്ക് മറുപടിയായാണ് വാഹന നിർമാതാക്കളുടെ നീക്കം. ബ്രിട്ടനിൽനിന്ന് അമേരിക്കയിൽ എത്തുന്ന കാറുകൾക്കും ഉപകരണ ഭാഗങ്ങൾക്കും 25 ശതമാനം തീരുവയാണ് ഏര്‍പ്പെടുത്തിയത്. ബ്രിട്ടനിലെ വലിയ കാർ നിർമാതാക്കളിലൊന്നായ ജാഗ്വാറിന്റെ കാറുകൾക്ക് അമേരിക്കൻ വിപണിയിൽ വലിയ മാര്‍ക്കറ്റുണ്ട്.
വിദേശ വാഹന നിർമ്മാതാക്കൾക്ക് തിരിച്ചടിയാകുന്ന നീക്കം നടക്കുന്നതിനാല്‍ ഏപ്രിൽ അവസാനം വരെ അമേരിക്കയിലേക്ക് വാഹനം കയറ്റുമതി ചെയ്യുന്നില്ലെന്നാണ് ജഗ്വാർ ലാൻഡ് റോവർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. ഏകദേശം നാലുലക്ഷം ലാൻഡ് റോവർ വാഹനങ്ങളാണ് പ്രതിവർഷം അമേരിക്കയിൽ എത്തുന്നത്. യുറോപ്യൻ യൂണിയനു ശേഷം ഏറ്റവുമധികം വാഹനങ്ങളെത്തുന്നത് അമേരിക്കൻ വിപണിയിലേക്കാണ്.