ന്യൂയോർക്ക്: അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ ഇന്ത്യൻ കോണ്‍സുലേറ്റ് വരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ പ്രഖ്യാപനം. ബെംഗളുരുവിൽ അമേരിക്കൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യവെയാണ് എസ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം സുദൃഢമാക്കുന്നതിന്‍റെ ഭാഗമായാണ് ലോസ് ആഞ്ചൽസിലും ഇന്ത്യൻ കോണ്‍സുലേറ്റ് തുറക്കുന്നതെന്ന് എസ് ജയശങ്കർ വ്യക്തമാക്കി.
ബംഗളുരുവിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയിലെ യു എസ് അംബാസിഡർ എറിക് ഗാർസെറ്റി, ഡി കെ ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയിലെ അഞ്ചാമത്തെ അമേരിക്കൻ കോൺസുലേറ്റാണ് ബെംഗളുരുവിൽ പ്രവർത്തനം ആരംഭിച്ചത്. വൈറ്റ് ഫീൽഡിലാകും കോൺസുലേറ്റ് കെട്ടിടത്തിന്‍റെ നിർമാണം. അത് വരെ താൽക്കാലിക മന്ദിരത്തിലാകും കോൺസുലേറ്റ് പ്രവർത്തിക്കുക. ഇവിടെ നിന്നുള്ള വിസ സേവനങ്ങൾ മാസങ്ങൾക്കകം തന്നെ തുടങ്ങാനാകുമെന്ന് കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.