ബ്രസ്സല്‍സ്: ആഗോളതലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ ജനുവരിയായിരുന്നു 2025 ലേതെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് (C3S) ആണ് വ്യാഴാഴ്ച ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ശരാശരി ഉപരിതല താപനില 1991-2000 ജനുവരിയിലെ ശരാശരിയേക്കാള്‍ 0.79 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള താപനിലയേക്കാള്‍ 1.75 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു ഈ റെക്കോര്‍ഡ്.
‘യൂറോപ്പിന് പുറത്ത്, വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ കാനഡ, അലാസ്‌ക, സൈബീരിയ എന്നിവിടങ്ങളിലും താപനില ശരാശരിയേക്കാള്‍ കൂടുതലായിരുന്നു. തെക്കന്‍ ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലും അവ ശരാശരിയേക്കാള്‍ കൂടുതലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരാശരി സമുദ്രോപരിതല താപനില ജനുവരിയില്‍ 20.78 ഡിഗ്രി സെല്‍ഷ്യസിലെത്തി. 2024 ജനുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഉയര്‍ന്ന താപനില റെക്കോര്‍ഡാണിത്.