
മുംബൈ: ഐ സി സി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് സ്വന്തമായി. ലോക ക്രിക്കറ്റിലെ വിഖ്യാതമായ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പേസർ എന്ന ഖ്യാതിയും ‘ബും ബും’ ബുമ്ര സ്വന്തമാക്കി. പരുക്കു കാരണം ക്രിക്കറ്റില്‍നിന്ന് നീണ്ട കാലം വിട്ടുനിന്ന ബുമ്ര, 2023 അവസാനത്തോടെയാണ് മടങ്ങിയെത്തിയത്. ശേഷം തീ തുപ്പുന്ന പന്തുകളുമായി ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഭയപ്പെടുത്തുകയായിരുന്നു താരം. 2024 ൽ അക്ഷരാർത്ഥത്തിൽ ബാറ്റ്സ്മാൻമാരെ ഭീതിയിലാഴ്ത്തിയ ബ്രുമ്ര 13 മത്സരങ്ങളില്‍നിന്ന് 71 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഈ മികവ് തന്നെയാണ് ഐ സി സിയുടെ പരമോന്നത പുരസ്കാരം പോക്കറ്റിലാക്കാൻ ബുമ്രക്ക് തുണയായത്.
ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെ മറികടന്നാണ് ബുംറയുടെ നേട്ടം. പുരസ്കാരം നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുംറ. രാഹുൽ ദ്രാവിഡ്, സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, ആർ അശ്വിൻ എന്നിവരാണ് ബുമ്രക്ക് മുന്നേ സ്വപ്ന നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.
കഴിഞ്ഞ ദിവസം ഐ സി സിയുടെ മികച്ച ടെസ്റ്റ് ക്രിക്കറ്റർക്കുള്ള പുരസ്കാരവും ബുമ്ര സ്വന്തമാക്കിയിരുന്നു.ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും നടന്ന പരമ്പരകളിൽ അക്ഷരർത്ഥത്തിൽ ബുമ്ര തീക്കാറ്റായി. കഴിഞ്ഞ വര്‍ഷം കളിച്ച 13 മത്സരങ്ങളില്‍നിന്ന് 71 വിക്കറ്റുകളാണ് ബുമ്ര നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ 357 ഓവറുകളെറിഞ്ഞ ബുമ്ര 2.96 ഇക്കോണമിയിലും 14.92 സ്ട്രൈക്ക് റേറ്റിലുമാണ് 71 വിക്കറ്റ് വീഴ്ത്തിയത്.