ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മെഡല്‍ ഓഫ് ഫ്രീഡം പുരസ്കാര വിതരണത്തെ രൂക്ഷമായി വിമശിച്ച് ശതകോടിശ്വരനും ടെസ്‍ല സി.ഇ.ഒയുമായ ഇലോണ്‍ മസ്ക് രംഗത്ത്. ജോർജ് സോറോസിന് പ്രസിഡൻഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പുരസ്കാരം നല്‍കിയ തീരുമാനമാണ് മസ്ക്കിനെ ചൊടിപ്പിച്ചത്. സോറോസിന് അവാർഡ് നല്‍കിയതിന്റെ അടിസ്ഥാനമെന്താണെന്ന് ചോദിച്ച മസ്ക്, ബൈഡന്റെ ഈ തീരുമാനം അത്രമേൽ പരിഹാസ്യമെന്നും അഭിപ്രായപ്പെട്ടു.
മെഡല്‍ ഓഫ് ഫ്രീഡം പുരസ്കാരം ഇക്കുറി സോറോസ് അടക്കം 19 പേർക്ക് നല്‍കാനായിരുന്നു ബൈഡൻ തീരുമാനിച്ചത്. രാഷ്ട്രീയം, ജീവകാരുണ്യ പ്രവർത്തനം, കായികരംഗം തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചവർക്ക് പുരസ്കാരം നല്‍കാനാണ് തീരുമാനിച്ചത്. ശതകോടീശ്വരനായ നിക്ഷേപകൻ സോറോസ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇത് പരിഗണിച്ചാണ് പുരസ്‌കാരം സോറോസിനും നൽകിയത്. ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, വിദ്യാഭ്യാസം, സാമൂഹ്യനീതി എന്നിവയെ ശക്തിപ്പെടുത്തുന്നതില്‍ സോറോസും ഫൗണ്ടേഷനും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വൈറ്റ്ഹൗസ് വിലയിരുത്തല്‍.
ഇവരെ കൂടാതെ മറ്റ് പ്രമുഖരും പുരസ്കാരപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഹിലരി ക്ലിന്റൻ, ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി, നടൻ മൈക്കള്‍ ജെ ഫോക്സ്, ഡെൻസെല്‍ വാഷിങ്ടണ്‍ എന്നിവരാണ് പുരസ്കാര പട്ടികയില്‍ ഇടംപിടിച്ച മറ്റ് പ്രമുഖർ.
ജോർജ് സോറോസിന് വേണ്ടി മകൻ അലക്സ് സോറോസാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. സോറോസിന് പുരസ്കാരം നല്‍കിയതില്‍ സമ്മിശ്ര പ്രതികരണമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഇലോണ്‍ മസ്കിന്റേയും റിപബ്ലിക്കൻ പാർട്ടി അംഗങ്ങളുടേയും വിമർശകനാണ് സോറോസ്.