
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നുകൂടി പാലിക്കപ്പെടുന്നു. മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 80,000 പേജുകളുള്ള തിരുത്തപ്പെടാത്ത ഫയലുകള്‍ ചൊവ്വാഴ്ച പുറത്തുവിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
1961 മുതല്‍ 1963 നവംബര്‍ 22-ന് വധിക്കപ്പെടുന്നത് വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു ജെഎഫ്‌കെ. അദ്ദേഹത്തിന് നേരെ നിറ ഒഴിച്ച പ്രതിയെ കണ്ടെത്തിയെങ്കിലും കൊലപാതകത്തില്‍ നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിച്ചിരുന്നു. ജെഎഫ്‌കെ കൊലപാതകം മറ നീക്കി പുറത്തുവരാത്ത നിഗൂഢതയായി തുടരുകയായിരുന്നു ഇതുവരെ. ഇതിനാണ് ട്രംപ് തിരശ്ശീലയിടുന്നത്. 1963 നവംബര്‍ 22 ന് പ്രസിഡന്റ് കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഔദ്യോഗിക കഥകള്‍ സംശയാസ്പദമായാണ് കണ്ടത്. വര്‍ഷങ്ങളായി ഇതിനെ പലരും ചോദ്യം ചെയ്യുന്നുമുണ്ട്. വാറന്‍ കമ്മീഷന്‍ എന്നറിയപ്പെടുന്ന ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം കൊലപാതകത്തില്‍ ലീ ഹാര്‍വി ഓസ്വാള്‍ഡ് ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് നിഗമനം. എന്നിരുന്നാലും, കേസുമായി ധാരാളം രേഖകള്‍ ഇപ്പോഴും ഭാഗികമായി മൂടി വയ്ക്കുകയോ സെന്‍സര്‍ ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഈ രേഖകള്‍ പൂര്‍ണ്ണമായി പുറത്തുവിട്ടാല്‍, ലീ ഹാര്‍വിയ്ക്ക് ഏതെങ്കിലും തരത്തില്‍ സഹായം ലഭിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരും.
താന്‍ പ്രസിഡന്റായാല്‍ കെന്നഡി വധത്തിന്റെ മറഞ്ഞിരിക്കുന്ന രേഖകള്‍ പുറത്തുവിടുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വാഗ്ദാനമായിരുന്നു. വര്‍ഷങ്ങളായി രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ജോണ്‍ എഫ് കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുമെന്ന് 2017 ലും ട്രംപ് പറഞ്ഞിരുന്നു. പക്ഷേ അന്ന് ട്രംപിന്റെ വാക്ക് വെറും വാക്കായിരുന്നു. ഇന്നിതാ അവ പാലിക്കപ്പെടാന്‍ പോകുന്നു.
”ഞങ്ങള്‍ ഇവിടെയുള്ളപ്പോള്‍, അത് ഉചിതമാണെന്ന് ഞാന്‍ കരുതി – നാളെ ഞങ്ങള്‍ കെന്നഡിയുടെ എല്ലാ ഫയലുകളും നല്‍കും. ആളുകള്‍ പതിറ്റാണ്ടുകളായി ഇതിനായി കാത്തിരിക്കുകയാണ്, എന്റെ ആളുകളോട് ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് നാളെ അവ പുറത്തുവിടണമെന്ന്” വാഷിംഗ്ടണ്‍ ഡി.സിയിലെ കെന്നഡി സെന്ററില്‍ പര്യടനം നടത്തുന്നതിനിടെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
”നിങ്ങള്‍ക്ക് ധാരാളം വായിക്കാനുണ്ട്. ഞങ്ങള്‍ ഒന്നും തിരുത്താന്‍ പോകന്നില്ല, ഞങ്ങള്‍ക്ക് തിരുത്താന്‍ കഴിയില്ല,”ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫയലുകളില്‍ എന്താണുള്ളതെന്ന് കണ്ടോ എന്ന് ചോദിച്ചപ്പോള്‍ ”അവയെക്കുറിച്ച് കേട്ടിട്ടുണ്ട്” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
കെന്നഡി, മുന്‍ അറ്റോര്‍ണി ജനറല്‍ റോബര്‍ട്ട് എഫ്. കെന്നഡി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് രേഖകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ജനുവരിയില്‍ ഒപ്പുവെച്ചിരുന്നു.