ഒറ്റക്കാരണം, ട്രംപിന്‍റെ തീരുവ യുദ്ധം! ആഗോള മാന്ദ്യത്തിന് 60 ശതമാനവും അമേരിക്കൻ മാന്ദ്യത്തിന് 45 ശതമാനവും സാധ്യത, വിമർശിച്ച് ജെ പി മോർഗൻ

ന്യൂയോർക്ക്: ഇറക്കുമതി തീരുവ കുത്തനെ കൂട്ടി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച യുദ്ധം ലോക വിപണിയെ കൂപ്പുകുത്തിക്കുകയാണ്. അമേരിക്ക മുതൽ ഏഷ്യവരെ ലോകത്തിന്‍റെ സമസ്ത മേഖലകളിലും ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. അതിനിടെ പുറത്തുവരുന്ന വാർത്ത ആഗോള മാന്ദ്യത്തിനുള്ള സാധ്യത 60% ആയി ഉയർന്നതായി സാമ്പത്തിക സ്ഥാപനമായ ജെ പി മോർഗൻ പ്രവചിച്ചതാണ്. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത 35 ശതമാനത്തിൽ നിന്ന് 45 ആയി ഉയർന്നതായും അഭിപ്രായമുണ്ട്. ട്രംപ് താരിഫുകൾ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും, ഇതിനകം ദുർബലമായിക്കൊണ്ടിരിക്കുന്ന യുഎസ് സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നും ജെപി മോർഗൻ സിഇഒ ജാമി ഡിമോൺ അഭിപ്രായപ്പെട്ടു. ആഗോള വിപണികൾ തകർന്നുകൊണ്ടിരിക്കുമ്പോൾ ട്രംപിന്റെ വ്യാപകമായ താരിഫ് നയത്തെ പരസ്യമായി അഭിസംബോധന ചെയ്യുന്ന ഒരു പ്രമുഖ വാൾസ്ട്രീറ്റ് ബാങ്കിന്റെ ആദ്യത്തെ സി ഇ ഒയാണ് ഡിമോൺ.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകൾ ആഭ്യന്തര, ഇറക്കുമതി വസ്തുക്കളുടെ വില വർദ്ധിപ്പിക്കുമെന്നും ഇതിനകം മന്ദഗതിയിലായിരുന്ന യുഎസ് സമ്പദ്‌വ്യവസ്ഥയെ ഇത് ബാധിക്കുമെന്നും ജെപി മോർഗൻ ചേസ് സിഇഒ ജാമി ഡിമോൺ പറഞ്ഞു. ഡിമോൺ തന്റെ വാർഷിക ഓഹരി ഉടമകളുടെ കത്തിൽ ട്രംപിന്‍റെ താരിഫ് നയത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. “സാവധാനത്തിലുള്ള ഒരു വിലനിർണ്ണയം തുടരുമെന്ന അനുമാനത്തോടെയാണ് വിപണികൾ ഇപ്പോഴും ആസ്തികൾക്ക് വില നിശ്ചയിക്കുന്നത്, എന്നാൽ എനിക്ക് അതിൽ അത്ര ഉറപ്പില്ല” – ഡിമോൺ പറഞ്ഞു. “ഇൻപുട്ട് ചെലവുകൾ വർദ്ധിക്കുകയും ആഭ്യന്തര ഉൽപ്പന്നങ്ങളുടെ ആവശ്യകത വർദ്ധിക്കുകയും ചെയ്യുന്നതിനാൽ, ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ മാത്രമല്ല, ആഭ്യന്തര വിലകളിലും പണപ്പെരുപ്പ ഫലങ്ങൾ കാണാൻ സാധ്യതയുണ്ട്” – എന്നും ഡിമോൺ കൂട്ടിച്ചേർത്തു. ട്രംപിന്റെ താരിഫ് നയം ആഗോള മൂലധന പ്രവാഹത്തിലും ഡോളറിലും അതിന്റെ സ്വാധീനം, കോർപ്പറേറ്റ് ലാഭത്തിലുണ്ടാകുന്ന ആഘാതം, വ്യാപാര പങ്കാളികളിൽ നിന്നുള്ള പ്രതികരണം എന്നിവയുൾപ്പെടെ “നിരവധി അനിശ്ചിതത്വങ്ങൾ” – സൃഷ്ടിച്ചിട്ടുണ്ടെന്നും ഡിമോൺ പറഞ്ഞു.

More Stories from this section

family-dental
witywide