ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഫെഡറൽ കോടതിയിൽ വമ്പൻ തിരിച്ചടി. പ്രസിഡന്‍റ് പദത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവിനാണ് കോടതിയിൽ തിരിച്ചടിയേറ്റത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ട്രംപിന്‍റെ ഉത്തരവ് അമേരിക്കൻ ഫെഡറൽ കോടതി തടഞ്ഞു. രാജ്യമൊട്ടാകെ ഈ പ്രഖ്യാപനം നടപ്പാക്കരുതെന്നാണ് ഫെഡറൽ കോടതി ഉത്തരവിട്ടത്.
ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച ഫെഡറൽ കോടതി ജഡ്ജി ഡെബറ ബോർഡ്‌മാനാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഉത്തരവ് തടഞ്ഞത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ട്രംപിന്‍റെ ഉത്തരവ് ഭരണഘടന ലംഘനമാണെന്ന് ജഡ‍്ജി ചൂണ്ടിക്കാട്ടി. നേരത്തെ ട്രംപിന്‍റെ ഉത്തരവ് സിയാറ്റിലിലെ ഒരു കോടതിയും സമാനമായ രീതിയിൽ സ്റ്റേ ചെയ്തിരുന്നു.
പൗരത്വത്തിനുള്ള വിലയേറിയ അവകാശം നിഷേധിക്കുന്നത് പരിഹരിക്കാനാകാത്ത ദോഷം വരുത്തിവയ്ക്കുമെന്ന് ഡെബറ ബോർഡ്‌മാൻ ചൂണ്ടിക്കാട്ടി. അമേരിക്കൻ പൗരത്വത്തിനുള്ള അവകാശം ജീവനും സ്വത്തും പോലെ തന്നെ പ്രധാനപ്പെട്ടതാണ്. കോടതി ഇടപെട്ടില്ലെങ്കിൽ ഉത്തരവിന് വിധേയരായ കുട്ടികൾക്ക് അമേരിക്കൻ പൗരത്വത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.