
കോട്ടയം∙ കേരളത്തിലെ ദലിത് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.കെ. കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. അർബുദ ബാധിതനായി പാലിയേറ്റീവ് ചികിത്സയിൽ ആയിരുന്നു.
സമഗ്ര സംഭാവനയ്ക്ക് 2021ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു. ‘ദലിതൻ’ എന്ന ആത്മകഥ ശ്രദ്ധേയമാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം തുടങ്ങിയവയാണ് മറ്റു കൃതികൾ.
1949 ഫെബ്രുവരി രണ്ടാം തീയതി കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ഒളിവില്‍ കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളിയൂണിയന്‍, മനുഷ്യാവകാശ സമിതി എന്നീ സംഘടനകള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കി. സീഡിയന്‍ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു. 1971-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തിയ സാഹിത്യമത്സരത്തില്‍ നാടകരചനയ്ക്ക് രണ്ടാം സമ്മാനം നേടിയിരുന്നു. 1977-ല്‍ കെഎസ്ആര്‍ടിസിയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് 2001-ല്‍ സീനിയര്‍ അസിസ്റ്റന്റായാണ് വിരമിച്ചത്. കേരളചരിത്രവും സമൂഹ രൂപീകരണവും, ദളിത് പാഠം, കലാപവും സംസ്‌കാരവും, ദേശീയതക്കൊരു ചരിത്രപാഠം മുതലായ കൃതികള്‍ക്ക് പുറമെ ആത്മകഥയായ ‘ദളിതന്‍’ ഏറെ ശ്രദ്ധ നേടിയിരുന്നു. വെള്ളിയാഴ്ച 11 മണി മുതൽ കടുത്തുരുത്തി കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചക്ക് രണ്ടുമണിക്ക് കടുത്തുരുത്തിയിലെ വീട്ടിൽ സംസ്‍കരിക്കും.
K K Kochu passed away