തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരെ കൊണ്ട് നാടിന് ഒരു ഗുണവുമില്ലെന്ന് കെ മുരളീധരൻ. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ല. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തെ മൊത്തം അപമാനിക്കുന്നതാണെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ താന്‍ പരാതി പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. വസ്തുതകള്‍ മനസിലാക്കാതെ തൃശൂരില്‍ മത്സരിച്ചതാണ് താന്‍ ചെയ്ത തെറ്റ്. ആരുടെയും തലയില്‍ കുറ്റം ചാര്‍ത്താനില്ല. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടാതിരുന്നത്. മാത്രവുമല്ല കുറേകാലമായി ഒരു റിപ്പോര്‍ട്ടിലും പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടില്ല. ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് തനിക്ക് അറിയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ഫെയ്ക്കാണോ മാധ്യമങ്ങള്‍ക്ക് ആരെങ്കിലും ചോര്‍ത്തി നല്‍കിയതാണോ എന്ന് തനിക്ക് അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.