കിഫ്ബിയിലെ എല്ലാ പദ്ധതികളും സൗജന്യമല്ലെന്ന് ധനമന്ത്രി , കിഫ്ബി റോഡില്‍ ടോള്‍ പിരിച്ചാല്‍ തടയുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : കിഫ്ബിയിലെ എല്ലാ പദ്ധതികളും 100 ശതമാനം സൗജന്യമായിരിക്കില്ലെന്നും റോഡിന് ടോള്‍ അടക്കം പല ശുപാര്‍ശകളും ചര്‍ച്ചചെയ്യുന്നുണ്ടെന്നും വ്യക്തമാക്കിയ ധനമന്ത്രി കെ എന്‍ ബാലഗോപാലിന് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി.

കിഫ്ബി ഫണ്ടില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് അദ്ദേഹം തിരിച്ചടിച്ചു.

കിഫ്ബി വഴി മുടക്കുന്നതിന് കുറച്ചെങ്കിലും തിരികെ കിട്ടണമെന്നും റവന്യു തിരികെ വരുന്ന സ്‌കീമുകള്‍ ഉണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. കിഫ്ബിക്ക് വരുമാനമുണ്ടാക്കാന്‍ പല പദ്ധതികളും ആലോചനയിലുണ്ടെന്നും റോഡിന് ടോള്‍ അടക്കം പല ശുപാര്‍ശകളും ചര്‍ച്ചയിലുണ്ട്. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനില്‍ക്കാനാകില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് സുധാകരന്‍ ആരോപിച്ചു.

സുധാകരന്റെ വാക്കുകള്‍

റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ടോളിനെതിരെ ഇത്രയും നാളും സമരം ചെയ്തവരാണ് സി പി എമ്മുകാര്‍. ടോള്‍ രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം. കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹമാണ്. പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകള്‍ എടുത്തതിലെ അപാകതകളുമാണ് നിലവിലെ കിഫ്ബി ധനപ്രതിസന്ധിക്ക് കാരണം. ക്രമവിരുദ്ധമായി കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റത് ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിച്ചു. കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും കനത്ത നഷ്ടം ഉണ്ടാക്കി. കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോള്‍ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കം.

More Stories from this section

family-dental
witywide