
തിരുവനന്തപുരം : ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയും സര്‍ക്കാരിന് വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സമരത്തെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ ജനങ്ങള്‍ ആശാവര്‍ക്കര്‍മാര്‍ക്കൊപ്പമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരള ജനത ഒറ്റക്കെട്ടായാണ് ആശാവര്‍ക്കര്‍മാര്‍ക്ക് മുത്തം കൊടുക്കുന്നത്. അതില്‍ അശ്ലീലം കാണുന്നവര്‍ സാമൂഹ്യവിരുദ്ധരാണെന്നും അദ്ദേഹം ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യം പോലെ ആശാവര്‍ക്കര്‍മാരുടെ കാര്യത്തിലും സി പി എം കളളപ്രചരണമാണ് നടത്തുന്നത്. കേന്ദ്രത്തിന് കണക്ക് കൃത്യമായി കൊടുക്കാതെ കേന്ദ്ര അവഗണനയെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒരു രൂപ കേരളത്തിന് കിട്ടേണ്ടത് കേന്ദ്രം തടഞ്ഞ് വെച്ചിട്ടില്ല. പിണറായി വിജയനും വീണാ ജോര്‍ജും എല്ലാം കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപ്പെടാന്‍ നോക്കേണ്ട. വ്യാജപ്രചരണത്തിലൂടെ സമരം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകിയവരാണ് ആശാവര്‍ക്കര്‍മാര്‍. കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്ത് പണമാണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എന്‍ എച്ച് എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിന്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റില്‍ 16% തുകയാണ് കേരളത്തിന് അധികമായി അനുവദിച്ചതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞദിവസം തലസ്ഥാനത്തെ പെരുമഴയത്ത് സമരം ചെയ്ത ആശമാര്‍ക്ക് കുട കൊടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയേയും ആശമാരെയും അധിക്ഷേപിച്ച് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ലെന്നാണ് സി ഐ ടി യു സംസ്ഥാന സെക്രട്ടറി പറഞ്ഞത്. കൊച്ചിയില്‍ സി ഐ ടി യു സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുടെ അധിക്ഷേപം.
ബിജെപി നേതാവ് സുരേഷ് ഗോപി സമരത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.