
കൊച്ചി: കാക്കനാട് ഐആര്‍എസ് ഉദ്യോഗസ്ഥന്റെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിൽ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. എറണാകുളം കാക്കനാട്ടെ ക്വാര്‍ട്ടേഴ്സിൽ താമസിക്കുന്ന ഝാര്‍ഖണ്ഡ് സ്വദേശിയായ ഐ ആര്‍ എസ് ഉദ്യോഗസ്ഥനായ സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനീഷ് അഗർവാൾ, സഹോദരി ശാലിനി, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. തൂങ്ങിക്കിടക്കുന്ന നിലയിലാണ് രണ്ട് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ഒരാളെ മുറിക്കകത്തെ കട്ടിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനീഷിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. ഇൻക്വസ്റ്റ് അല്പസമയത്തിനകം തുടങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരി ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിലെ ഒന്നാം റാങ്കുകാരിയാണ്. സംഭവം കൂട്ട ആത്മഹത്യയെന്ന സംശയത്തിലാണ് പൊലീസ്. മൃതദേഹത്തിന് സമീപം ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിൽ മനീഷിന്‍റെ നിരാശ വ്യക്തമാക്കുന്ന ഹിന്ദിയിൽ ഉള്ള വരികളാണെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകു എന്നും പൊലീസ് വിവരിച്ചു.