
കൊച്ചി : കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 2 കിലോയോളം കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം.ബി രാജേഷ്. കുറ്റക്കാര്‍ ഏത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി.
കേരളത്തിലെ ഒരു കോളജ് ഹോസ്റ്റലില്‍ നിന്ന് ഇതാദ്യമായാണ് ഇത്രവലിയ അളവില്‍ കഞ്ചാവ് ശേഖരം പിടികൂടുന്നത്. ഇന്നലെ രാത്രിയാണ് പൊലീസിന്റെ ഡാന്‍സാഫ് സംഘം റെയ്ഡിനായി ഹോസ്റ്റലിലെത്തിയത്. മിന്നല്‍ പരിശോധന പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണി വരെ നീണ്ടു.
പൊലീസ് സംഘം എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എ സി പി അബ്ദുല്‍സലാം പറഞ്ഞു. തൂക്കി വില്‍പ്പനക്കുള്ള ത്രാസ് അടക്കം എല്ലാ സജ്ജീകരണങ്ങളും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മുറിയില്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. മദ്യക്കുപ്പികൾ, ഗർഭനിരോധന ഉറകൾ എന്നിവയും കണ്ടെടുത്തു. പൊലീസിനെക്കണ്ട് ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.