
വാഷിംഗ്ടണ്‍ : ട്രംപിനോട് പൊരുതി തോറ്റ മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പൊതു വേദികളില്‍ അധികം കാണാതായതോടെ പല അഭ്യൂഹങ്ങളും പരന്നിരുന്നു. പൊതു ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ പൊതു ജീവിതത്തില്‍ നിന്ന് പിന്‍മാറുന്നില്ലെന്ന സൂചനയുമായി കമല ഹാരിസ് രംഗത്തെത്തി. ഏപ്രില്‍ 4 ന് കലിഫോര്‍ണിയയില്‍ നടന്ന ലീഡിങ് വിമന്‍ ഡിഫൈന്‍ഡ് ഉച്ചകോടിയിലാണ് കമലാ ഹാരിസ് ഇക്കാര്യം സൂചിപ്പിച്ചത്.
‘ഞാന്‍ എവിടേക്കും പോകുന്നില്ല,’ എന്ന അവരുടെ വാക്കുകളിലൂടെ പൊതുരാഷ്ട്രീയ ജിവിതത്തില്‍ നിന്നും എങ്ങോട്ടും പോകില്ലെന്ന് വ്യക്തമായ സൂചനയാണ് നല്‍കിയത്. ട്രംപ് ഭരണത്തിന്റെ അസ്വസ്ഥതയും അവര്‍ പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ വളരെയധികം ഭയമുണ്ടെന്നും സംഭവിക്കുമെന്ന് അറിയാമായിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപ് എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ പ്രതികാര തീരുവ ചുമത്തിയതിന് പിന്നാലെയാണ് കമലയുടെ വാക്കുകള്‍ എത്തിയത്.