
മാർച്ച് 22ന് കർണാടക ബന്ദ്. കന്നടവാദി നേതാവ് വറ്റൽ നാഗരാജുവിൻ്റെ നേതൃത്വത്തിൽ കന്നട അനുകൂല സംഘടനകളാണ് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബന്ദിനു പിന്നിൽ
ബെലഗാവിയിൽ മറാത്തി ഗ്രൂപ്പുകൾ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ( കെഎസ്ആർടിസി) ജീവനക്കാരെ ആക്രമിച്ചെന്നും അക്രമികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കെഎസ്ആർടിസി ബസ് കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും മുഖത്ത് ചില മറാത്തി അനുകൂല ഗ്രൂപ്പുകൾ മഷി തേക്കുകയും അവരെ ശാരീരികമായി ആക്രമിക്കുകയും ചെയ്ത സംഭവം ബെലഗാവിയിൽ അരങ്ങേറിയിരുന്നു. ഇത് കർണാടകത്തിൽ വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും കന്നഡ അനുകൂല പ്രവർത്തകർ ആവശ്യപ്പെട്ടു.
പിന്തുണയുമായി കെഎസ്ആർടിസി, ബിഎംടിസി യൂണിയനുകൾ
കെഎസ്ആർടിസി, ബിഎംടിസി ട്രാൻസ്പോർട്ട് യൂണിയനുകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.തൊളിലാളികൾ പൂർണമായും ബന്ദിൽ പങ്കെടുക്കുമെന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ചന്ദ്രു അറിയിച്ചിട്ടുണ്ട്.
“കഴിഞ്ഞ മാസം ഒരു ട്രാൻസ്പോർട്ട് തൊഴിലാളി ആക്രമിക്കപ്പെട്ടു. സംഭവത്തെ അപലപിച്ച കന്നട അനുകൂല പ്രവർത്തകരോട് ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കെഎസ്ആർടിസി, ബിഎംടിസി തൊഴിലാളികൾ കർണാടക ബന്ദിനെ പൂർണ്ണമായി പിന്തുണയ്ക്കും,” ചന്ദ്രു പറഞ്ഞു.
ബന്ദ് ദിനത്തിൽ മെട്രോ സർവീസുകൾ ഉണ്ടാകുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. സംസ്ഥാനത്തുടനീളം ഗതാഗത തടസ്സങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യുന്നത് ഉചിതമായിരിക്കും.
Karnataka bandh on March 22 transport disruptions expected