
ഡൽഹി: രാജ്യ തലസ്ഥാനത്ത് ഓശാന പ്രദക്ഷിണം തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഡൽഹിയിൽ മുടക്കം ഇല്ലാതെ നടന്ന ഓശാന പ്രദക്ഷിണം തടഞ്ഞതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ഇക്കാര്യം ചൂണ്ടികാട്ടി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണം ആണിതെന്ന് കെ സി കത്തിൽ ചൂണ്ടികാട്ടി. ഇതിനെതിരെ കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആർട്ടിക്കിൾ 26 ലംഘിച്ചതിനെതിരെ നടപടി വേണമെന്ന ആവശ്യമാണ് ആഭ്യന്തര മന്ത്രിയോട് കെ സി ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമം എന്ന സംഘപരിവാർ അജണ്ടയാണ് ഇപ്പോൾ വ്യക്തമായത്. ഇന്നലെ മുസ്ലീങ്ങൾക്ക് നേരെ, ഇന്ന് ക്രൈസ്തവർക്ക് നേരെ, നാളെ മറ്റ് ന്യൂന പക്ഷങ്ങൾക്ക് എതിരെയാകും ഈ ആക്രമണമെന്നും കെ സി വിവരിച്ചു. ക്രൈസ്തവ സ്നേഹം ക്യാപ്സൂളുകളായി വിളമ്പുന്ന ആളുകളുടെ തനിനിറം ഇതാണെന്നും എ ഐ സി സി ജനറൽ സെക്രട്ടറി വിമർശിച്ചു.