ന്യൂഡല്‍ഹി : ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാര്‍ യമുനയില്‍ വിഷം കലര്‍ത്തിയതാണെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണവും തെളിവും തേടിയിട്ടും അരവിന്ദ് കെജ്രിവാള്‍ നിലപാടില്‍ ഉറച്ചുതന്നെ. ബിജെപിക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു പകരം തന്നെ വേട്ടയാടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ആവര്‍ത്തിച്ചു. ‘ഹരിയാന സര്‍ക്കാരിനും അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിജെപി നേതാക്കള്‍ക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍, പൊതുതാല്‍പ്പര്യത്തേക്കാള്‍ ഭരണകക്ഷിയുടെ താല്‍പ്പര്യമാണ് സിഇസി പരിഗണിക്കുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തമാകും,’ അദ്ദേഹം തന്റെ കത്തില്‍ പറഞ്ഞു.
ഹരിയാന സര്‍ക്കാരിനെതിരെ എഎപി ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള അഞ്ച് ചോദ്യങ്ങള്‍ക്കു മറുപടിയുമായി കെജ്രിവാള്‍ ഇന്ന് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓഫീസിലെത്തിയിരുന്നു.
ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒഴുകുന്നതും ദേശീയ തലസ്ഥാനത്തെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സുമായ യമുനയില്‍ ഉയര്‍ന്ന അളവില്‍ അമോണിയ ഉണ്ടെന്ന് ആരോപിക്കപ്പെടുന്നതിനെക്കുറിച്ച് താനും ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും നടത്തിയ മുന്‍ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പ് ക്മ്മീഷനു മുന്നിലും കെജ്രിവാള്‍ ആവര്‍ത്തിച്ചു.
‘ബിജെപിയില്‍ നിന്നുള്ള ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ഡല്‍ഹി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ബോധപൂര്‍വമായ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് ഇത് വ്യക്തമായി തെളിയിക്കുന്നുവെന്നും എന്ന് കെജ്രിവാള്‍ ആരോപിച്ചു. ഇതില്‍ താന്‍ നിശബ്ദനായിരിക്കില്ലെന്നും ഡല്‍ഹിയിലെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മാത്രമാണ് തന്റെ ഏക ആശങ്കയെന്നും നമ്മുടെ ജനാധിപത്യ തത്വങ്ങളുടെ സംരക്ഷണത്തിനായി ഞാന്‍ പോരാടുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.