
തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷവയ്ക്കാതെ സമരം തുടരുന്ന ആശാ പ്രവര്‍ത്തകര്‍.
ഇരു മന്ത്രിമാരും നടത്തിയ ചര്‍ച്ചയില്‍ പുതുതായി ഒന്നുമില്ലെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേര്‍സ് അസോസിയേഷന്‍ ആരോപിക്കുന്നു.
കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്ന കാര്യമാണ് മന്ത്രി വീണ പറയുന്നത്. അത് നേരത്തേ തന്നെ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിട്ടുള്ള കാര്യമാണ്. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാനത്താണ് അതു സംബന്ധിച്ച് ചര്‍ച്ച നടത്തേണ്ടതെന്നും അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് പറയാതെ ഇപ്പോഴും 60, 40 അനുപാതത്തിന്റെ കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
അതേസമയം, സമരത്തിന്റെ ഫലമായി സംസ്ഥാന – കേന്ദ്രമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയെന്നത് അഭിമാനകരമാണെന്നും ബിന്ദു പറഞ്ഞു.
ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉയര്‍ത്തുന്ന കര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ഇന്‍സന്റീവ് കേന്ദ്രം വര്‍ധിപ്പിച്ചാല്‍ സംസ്ഥാനവും വര്‍ധിപ്പിക്കുമെന്നും ഇന്നലെ കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കല്‍, വിരമിക്കല്‍ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങളെക്കുറിച്ച് മന്ത്രി വീണാ ജോര്‍ജ് ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ലെന്ന് സമരസമിതി നേതാവ് എസ് മിനി വിമര്‍ശിച്ചു.