തിരുവനന്തപുരം : മുണ്ടക്കൈ ചൂരല്‍ മല ദുരന്ത പുനരധിവാസത്തിന് 750 കോടിയുടെ ആദ്യ ഘട്ട പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. 1202 കോടിയാണ് ദുരിതാഘാതം. കേന്ദ്രസര്‍ക്കാര്‍ തുക അനുവദിക്കുമെന്നാണ് കരുതുന്നതെന്നും പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ 750 കോടിയുടെ ആദ്യ പദ്ധതി പ്രഖ്യാപിക്കുന്നുവെന്നുമാണ് ബജറ്റ് അവതരണത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്.
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ആവര്‍ത്തിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. അതേസമയം, സംസ്ഥാന ബജറ്റിന് മുന്‍പ് തലേ ദിവസം പതിവായി നല്‍കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാതിരുന്നതില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു.
തിരുവനന്തപുരം കൊച്ചി കോഴിക്കോട് നഗര വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാനിന് സംസ്ഥാന ബജറ്റില്‍ ഇടം. സംസ്ഥാനത്തെ പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങാന്‍ നൂറു കോടി രൂപ അനുവദിച്ചു. അടുത്ത ബജറ്റിന് വടക്കന്‍ കേരളത്തിലേക്ക് ആറുവരി ദേശീയപാതയിലൂടെ എത്താന്‍ സാധിക്കുമെന്നു ധനമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് ലോകോത്തര എഐ വികസന കേന്ദ്രം നിര്‍മിക്കാന്‍ 10 കോടി രൂപയാണ് ബജറ്റില്‍ നീക്കി വെച്ചത്. കെ ഹോംസ് പദ്ധതിക്കു കീഴില്‍ കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ വിനോദസഞ്ചാരത്തിന്റെ ഭാഗമായി പ്രയോജനപ്പെടുത്തുന്നതിന് അഞ്ചു കോടി അനുവദിച്ചു.
വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ഇടനാഴിക്കായി 1000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. തീരദേശ ഹൈവേ വികസനം ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെട്രോ റെയില്‍ പ്രാരംഭ പ്രവര്‍ത്തനം ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കുമെന്നു ധനമന്ത്രി. തദ്ദേശ തലത്തില്‍ ഓഡിറ്റിങ് നടത്തി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന അനര്‍ഹരെ കണ്ടെത്തും.
പാമ്പുകടിയേറ്റുള്ള മരണം അടുത്ത അഞ്ചു വര്‍ഷത്തിനകം ഇല്ലാതാക്കാന്‍ പാമ്പുവിഷബാധ ജീവഹാനിരഹിത കേരള പദ്ധതി നടപ്പാക്കും.
എംടി വാസുദേവന്‍ നായരുടെ ഓര്‍മ നിലനിര്‍ത്താന്‍ തിരൂര്‍ തുഞ്ചന്‍ പറമ്പിനോട് ചേര്‍ന്ന് സ്മാരകവും പഠന കേന്ദ്രവും നിര്‍മിക്കാന്‍ അഞ്ചു കോടി.
സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം തടയാന്‍ പിആര്‍ഡി, നിയമവകുപ്പുകളുടെ സഹകരണത്തോടെയുള്ള പദ്ധതിക്കായി രണ്ടു കോടി അനുവദിച്ചു. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാൻ 50 കോടി രൂപ.
പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിനായി 5 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു.