ഇത് മുഖ്യമന്ത്രിയുടെ ഉറപ്പ്, സര്‍ക്കാരിന് ഒരു വാശിയുമില്ല, ആശങ്കകൾ പരിഹരിക്കും വരെ വന നിയമ ഭേദഗതി വേണ്ടെന്നുവച്ചു

തിരുവനന്തപുരം: വന നിയമ ഭേദഗതി വേണ്ടെന്നുവച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ഭേദഗതിയില്‍ ആശങ്കയുയര്‍ന്ന സാഹചര്യത്തില്‍ അത് പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വന നിയമഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വന നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒരു വാശിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്

1961 ലെ കേരളാ വന നിയമത്തിന്‍റെ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 ലാണ്. അന്ന് യു ഡി എഫ് സര്‍ക്കാര്‍ ആയിരുന്നു. 2013 മാര്‍ച്ച് മാസത്തില്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്മന്‍റ്) തയ്യാറാക്കിയ കരട് ബില്ലിേډലാണ് തുടക്കം. മനഃപൂര്‍വ്വം വനത്തില്‍ കടന്ന് കയറുക എന്ന ഉദ്ദേശ്യത്തോടെ വനമേഖലയിലൂടെ സഞ്ചരിക്കുന്നവര്‍ വനത്തിനുള്ളില്‍ വാഹനം നിറുത്തുക, വനത്തില്‍ പ്രവേശിക്കുക എന്നതെല്ലാം കുറ്റമാക്കുന്നത് ആണ് ഈ ഭേദഗതി. അതിന്‍റെ തുടര്‍ നടപടികളാണ് പിന്നീട് ഉണ്ടായത്. ഇപ്പോള്‍ വന നിയമ ഭേദഗതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ച് പല ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അത്തരം ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കുകയാണ്.ഏതെങ്കിലും വകുപ്പുകളില്‍ നിക്ഷിപ്തമാകുന്ന അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ട് എന്ന ആശങ്കള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുകയാണ്. കര്‍ഷകര്‍ക്കും മലയോര മേഖലയില്‍ വസിക്കുന്ന ജനവിഭാഗങ്ങളുടെയും ന്യായമായ താത്പര്യത്തിനെതിരെ ഒരു നിയമവും ഈ സര്‍ക്കാരിന്‍റെ ലക്ഷ്യമല്ല. ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടി ആവണം എന്ന നിലപാടാണ് സര്‍ക്കാരിന്‍റേത്. മനുഷ്യരുടെ നിലനില്‍പ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതിയുടെ വിശാലമായ സംരക്ഷണത്തിനും പര്യാപ്തമായ നിലപാടുകള്‍ സൂക്ഷ്മതലത്തിലും സമഗ്ര തലത്തിലും കൈക്കൊള്ളണം എന്നതില്‍ തര്‍ക്കമില്ല. വനസംരക്ഷണ നിയമത്തിന്‍റെ കാര്യത്തിലും അതുതന്നെയാണ് നിലപാട്. കേരളത്തിന്‍റെ ആകെ വിസ്തൃതി 38,863 ചതുരശ്ര കിലോമീറ്ററാണ്. അതില്‍ 11,309 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണ്. 1525.5 ചതുരശ്ര കിലോമീറ്റര്‍ തോട്ടങ്ങളാണ്. ജനസാന്ദ്രത നോക്കിയാല്‍ നമ്മുടേത് ചതുരശ്ര കിലോമീറ്ററിന് 860 ആണ്. തമിഴ്നാട്ടിലേത് 555 ഉം കര്‍ണാടകത്തിലേത് 319 ഉം ആണ്. നമ്മുടെ സംസ്ഥാനത്തിന്‍റെ ജനസാന്ദ്രതയും ഇത്തരം ഭൂമിശാസ്ത്രപരമായ സവിശേഷതകളും ജീവിത രീതികളും കണക്കിലെടുക്കുന്നത് ആവണം വനനിയമങ്ങള്‍ എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആ നിലപാടാണ് ഇടതുപക്ഷം എല്ലാകാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങള്‍ സംരക്ഷിക്കപ്പെടണം. അതേസമയം നീതിരഹിതമായ രീതിയില്‍ വനവും വനവിഭവങ്ങളും ചൂഷണം ചെയ്യപ്പെടരുത്. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്. ഈ സമീപനമാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അതില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. നിലവില്‍ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ ആശങ്കയില്‍ ആക്കുന്നതോ ആയ ഒരു നിയമ ഭേദഗതിയും ഈ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ്. വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വന്യ ജീവി ആക്രമണങ്ങള്‍ തുടരുകയാണ്. ഇന്നും മലപ്പുറം ജില്ലയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉച്ചക്കുളത്തെ സരോജിനി കാട്ടില്‍, ആടുമേയ്ക്കാന്‍ പോയപ്പോള്‍ ആക്രമണത്തിനിരയായി എന്നാണ് പ്രാഥമിക വിവരം. സരോജിനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടു ന്നത് വളരെ ദുഃഖകരമായ കാര്യമാണ്. ഇതിനെ എങ്ങനെ ശാശ്വതമായി ചെറുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് പ്രധാന തടസമായി നില്‍ക്കുന്നത് 1972ലെ കേന്ദ്രനിയമം തന്നെയാണ്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11(1) എയും അതുപ്രകാരം വന്യ ജീവികളെനേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയമങ്ങളുമാണ്. 1972ലെ പ്രസ്തുത കേന്ദ്രനിയമം ഭരണഘടനയുടെ 252-ാം അനുച്ഛേദ പ്രകാരം പാര്‍ലമെന്‍റ് പാസ്സാക്കിയിട്ടുള്ളത് എന്നതും അത് ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം സാധിക്കുന്നതല്ല എന്നതും ഓര്‍ക്കണം.ക്രിമിനല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ നിലവില്‍ സാധ്യമല്ലാത്ത സ്ഥിതിയാണ്. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഒരു വന്യജീവിയെ കൊല്ലാന്‍കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്‍റെ വകുപ്പ് 11 അനുവദിക്കുന്നുള്ളു എന്നും ക്രിമിനല്‍ നിയമ നടപടി സംഹിത ഉപയോഗിക്കാന്‍ സാധിക്കയില്ല എന്നും ബഹുമാനപ്പെട്ട ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും പുറപ്പെടുവിച്ച, ജനവാസമേഖലകളില്‍ എത്തുന്ന കടുവകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദീകരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയര്‍ (എസ്.ഒ.പി), കാട്ടാനകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിക്കുന്ന ഗൈഡ് ലൈന്‍സ് എന്നിവയും ഇതിന് തടസം ആണ്. കടുവ, പുലി എന്നിവ നാട്ടിലിറങ്ങിയാല്‍ ആദ്യപടി എന്ന നിലയില്‍ ഒരു ആറംഗ സമിതി രൂപീകരിക്കണം. പുലി നാട്ടില്‍ ഇറങ്ങിയാല്‍ ഇവരെല്ലാം ചേര്‍ന്നിരുന്ന് കമ്മറ്റി കൂടിയതിന്ശേഷം പുലിയെ നേരിട്ടാല്‍ മതിയെന്ന് കരുതിയാല്‍ കമ്മറ്റി കഴിയുന്നത് വരെ പുലി അവിടെ നില്‍ക്കുമോ. സ്ഥിരമായി മനുഷ്യന്‍റെ മരണത്തിന് കാരണമാകുന്ന, കൊല്ലുന്നത് ശീലമാക്കിയ കടുവയല്ലെങ്കില്‍ അതിനെ യാതൊരു കാരണവശാലും 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കൊല്ലാന്‍ പാടില്ല.അടിയന്തര സാഹചര്യങ്ങളില്‍ കാട്ടാനകളെ നേരിടുന്നതിനും ഇപ്രകാരം മാര്‍ഗനിര്‍ദ്ദേശങ്ങളും എസ് ഒ പിയും നിലവിലുണ്ട്. ആനയെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍, അതിന്‍റെ ചലനം നിരീക്ഷിക്കല്‍, ക്യാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രം. ഇതിനായി ഡി.എഫ്.ഒ അല്ലെങ്കില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ റിപ്പോര്‍ട്ട്, അത് ശിപാര്‍ശചെയ്തുകൊണ്ട് സി.സി.എഫ്ന്‍റെ റിപ്പോര്‍ട്ട് എന്നിവ ലഭിച്ചാല്‍ മാത്രമേ മയക്കുവെടി വെച്ച് പിടിക്കാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡന് അനുമതി നല്‍കാന്‍ സാധിക്കുകയുള്ളൂ.ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കേണ്ടി വരുന്നതുകൊണ്ടാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ പോലും കാലതാമസം നേരിടുന്നതും പൊതുജനങ്ങളുടെ പരാതിക്ക് കാരണമാകുന്നതും. കേന്ദ്രനിയമത്തിന്‍റെ പട്ടിക രണ്ടില്‍ പറഞ്ഞ കാട്ടുപന്നിയെ പോലും ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് അവയെ ഏതുവിധേനയും കൊല്ലുന്നതിന് നിരവധി തവണ സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് അനുമതി നിഷേധിച്ചിരിക്കുകയാണ്. മേല്‍ സാഹചര്യങ്ങള്‍ നിലവിലുള്ളതുകൊണ്ടാണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും അതിന്‍ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ കര്‍ശന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും കേരള നിയമസഭ പ്രമേയം വഴി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ സംസ്ഥാനത്തിന്‍റെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കണം. അതിനായി മുന്‍കൈ എടുക്കാന്‍ സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ തയാറാകണം എന്നും ഈ ഘട്ടത്തിൽ അഭ്യര്‍ത്ഥിക്കുകയാണ്. *യു ജി സി*സര്‍വകലാശാല ഗ്രാന്‍റ്സ് കമ്മീഷന്‍ ( യുജിസി) 2025 ലെ കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിച്ച്, സംസ്ഥാന സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ കരട് ചട്ടങ്ങള്‍. ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം ഭരണഘടന നിലവില്‍ വന്ന സമയത്ത് ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ്-2 (സ്റ്റേറ്റ് ലിസ്റ്റ്)ലായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയുടെ സമയത്ത് 1975-77 കാലയളവില്‍ നടപ്പിലാക്കിയ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇത് കണ്‍കറന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ടത്. 1978 ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ, നേരത്തെ 42-ാം ഭേദഗതിയിലൂടെ നടപ്പിലാക്കിയ പല മാറ്റങ്ങളും പുനഃസ്ഥാപിച്ചെങ്കിലും, വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിര്‍ദ്ദേശം മാത്രം, രാജ്യസഭയില്‍ പാസ്സാകാത്തതിനാല്‍ നടപ്പിലായില്ല.ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം കണ്‍കറന്‍റ് ലിസ്റ്റ്ല്‍ എന്‍ട്രി നമ്പര്‍ 25 ആയി കൊണ്ടുവന്നെങ്കിലും, സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപിച്ച സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പലതും അതത് നിയമസഭകള്‍ പാസാക്കിയ നിയമങ്ങളാലാണ് നിയന്ത്രിക്കപ്പെട്ടു പോരുന്നത്. മാത്രമല്ല വിദ്യാഭ്യാസത്തിനായി ചെലവഴിക്കപ്പെടുന്ന തുകയുടെ 75 ശതമാനത്തോളവും ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ നേരിട്ടാണ് വഹിക്കുന്നത്. 2022ല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ ‘Analysis of Budgeted Expenditure on Education’ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തെ വിദ്യാഭ്യാസ വകുപ്പുകള്‍ 2020-21 വര്‍ഷത്തില്‍ ആകെ ചെലവാക്കിയ 6.25 ലക്ഷംകോടി രൂപയില്‍ 85 ശതമാനവും സംസ്ഥാനങ്ങള്‍ നേരിട്ട് ചെലവഴിച്ചതാണ്. മറ്റു വകുപ്പുകളിലൂടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടിയുള്ള ചെലവുകള്‍ ഉള്‍പ്പെടുത്തിയാലും, വിദ്യാഭ്യാസത്തിനുള്ള ആകെ ചെലവിന്‍റെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ പങ്ക് 76 ശതമാനമാണ്. കേന്ദ്രത്തിന്‍റേത് 24 ശതമാനവുമാണെന്ന് കണക്കുകളില്‍ നിന്നും വ്യക്തമാണ്.യൂണിയന്‍ ലിസ്റ്റിലെ എന്‍ട്രി 66 ന്‍റെയും 1956ലെ യു ജി സി ആക്ട് പ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങളുടെയും ചുവടുപിടിച്ചുകൊണ്ടാണ് സര്‍വകലാശാലാ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പൂര്‍ണമായും ഹനിക്കുന്നത്. ഇത് തീര്‍ത്തും നീതി രഹിതമാണ്. യൂണിയന്‍ ലിസ്റ്റിലെ എന്‍ട്രി 66ല്‍ പറയുന്നത് ഇപ്രകാരമാണ്:“Co-ordination and determination of standards in institutions for higher education or research and scientific and technical institutions”അതായത്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ശാസ്ത്ര, സാങ്കേതിക സ്ഥാപനങ്ങള്‍ക്കുമുള്ള നിലവാരങ്ങള്‍ ഏകീകരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായ കാര്യമാണ്. അതല്ലാതെ അതില്‍ കൂടുതല്‍ അധികാരം കേന്ദ്രത്തിനു ഭരണഘടന നല്‍കുന്നില്ല.ഭരണഘടനാ അസംബ്ലിയില്‍ ഇന്നത്തെ എന്‍ട്രി 66 ന്‍റെ ആദ്യരൂപം അവതരിപ്പിച്ചപ്പോള്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ നടത്തിയ പ്രസംഗം ഇതിന് കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്.സംസ്ഥാന ലിസ്റ്റിലേക്കുള്ള വിഷയമായി കരുതിയ ഈ എന്‍ട്രി യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് ചില അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതിന് ഡോ. അംബേദ്കര്‍ മറുപടി പറഞ്ഞത് ഈ എന്‍ട്രി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാരം നിലനിര്‍ത്തുന്നതിനെ മാത്രമാണ് സംബന്ധിക്കുന്നത് എന്നാണ്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന ബി.എ ബിരുദ പരീക്ഷകള്‍ക്കുള്ള പാസ്സ് മാര്‍ക്കോ മറ്റു മാനദണ്ഡങ്ങളോ പലതരത്തിലാണെങ്കില്‍ അത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇതുപോലുള്ള ഏകീകൃതമല്ലാത്ത വ്യവസ്ഥകള്‍ ഒഴിവാക്കാനാണ് സംസ്ഥാനങ്ങളില്‍ പൊതുവായ മാനദണ്ഡവും ഏകീകൃത രീതിയും ഉറപ്പുവരുത്താന്‍ യൂണിയന്‍ ലിസ്റ്റില്‍ ഇങ്ങനെയൊരു പരാമര്‍ശം എഴുതിച്ചേര്‍ത്തത് എന്ന് ഡോ അംബേദ്കര്‍ 1949 ഓഗസ്റ്റ് 31 ന് ഭരണഘടനാ അസംബ്ലിയില്‍ പറയുന്നുണ്ട്. അതായത്, എന്‍ട്രി 66 ന്‍റെ സ്പിരിറ്റ് എന്താണെന്ന് ഡോ. അംബേദ്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം ആരുടെ ഉത്തരവാദിത്തമാണെന്ന് സ്റ്റേറ്റ് ലിസ്റ്റിലെ എന്‍ട്രി 32 ഉം കണ്‍കറന്‍റ് ലിസ്റ്റിലെ എന്‍ട്രി 25 ഉം സംശയരഹിതമായി വ്യക്തത നല്‍കുന്നുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന്‍ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കണ്‍കറന്‍റ് ലിസ്റ്റ് എന്നിവയിലെ എന്‍ട്രി 66, 32, 25 എന്നിവ പരിശോധിക്കുമ്പോള്‍, സര്‍വകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും, എന്‍ട്രി 66ല്‍ വ്യക്തമായി പറയുന്നവ ഒഴികെ, യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതല്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാരം ഏകീകരിക്കുകയും നിശ്ചയിക്കുകയും ചെയ്യുക എന്ന പരിമിതമായ ദൗത്യം മാത്രമേ സംസ്ഥാന സര്‍വ്വകലാശാലകളില്‍ കേന്ദ്രത്തിനുള്ളൂ. 1956ലെ യുജിസി ആക്ട് പ്രകാരം നിര്‍മ്മിച്ച ചട്ടങ്ങള്‍ യാതൊരു തരത്തിലും സംസ്ഥാന നിയമങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സര്‍വകലാശാലകളെ നിയന്ത്രിക്കുവാനുള്ള പദ്ധതിയല്ല എന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ ഭരണഘടനാ അസംബ്ലിയില്‍ പറഞ്ഞത് കൊണ്ട് ഭരണഘടനയുടെ സ്പിരിറ്റ് കൃത്യവും വ്യക്തവുമാണ്.2025 ലെ പുതിയ യുജിസി കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഉദ്ദേശിച്ചതിനു വിരുദ്ധമായ ധാരാളം വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. കരടിലുള്ള പല നിര്‍ദ്ദേശങ്ങളും രാജ്യത്തിന്‍റെ ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണ്. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയുടെ രൂപീകരണംപോലും ചാന്‍സലറുടെ മാത്രം അധികാരമാക്കി മാറ്റുകയാണ്. സംസ്ഥാന സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ഫലത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ടി തീരുമാനിക്കുന്ന നിലയാണ് പുതിയ യുജിസി നിര്‍ദ്ദേശത്തിലുള്ളത്. വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞടുക്കുന്ന സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിന് നാമനിര്‍ദ്ദേശം നല്‍കാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത,് സംസ്ഥാനങ്ങള്‍ ഫണ്ട് നല്‍കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍വ്വകലാശാലകളില്‍ ഇനി മുതല്‍ കേന്ദ്രം ഭരണം നടത്തിക്കോളും എന്നു പറയുന്ന ഒരു തരം രാഷ്ട്രീയ ധാര്‍ഷ്ട്യമാണ്.സാമ്പത്തിക പരാധീനതകള്‍ക്കിടയിലും സംസ്ഥാനങ്ങള്‍ വലിയ തുക ഉന്നത വിദ്യാഭ്യാസ മേഖലക്കായി ചെലവഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ കവരാന്‍ ശ്രമം നടക്കുന്നത്. സംസ്ഥാനങ്ങളുമായോ അക്കാദമിക് വിദഗ്ധരുമായോ യാതൊരുവിധ ചര്‍ച്ചകളുമില്ലാതെയാണ് ഇത്തരത്തില്‍ നീക്കങ്ങള്‍ നടക്കുന്നത്. വൈസ് ചാന്‍സലര്‍ പദവിയിലേക്ക് അക്കാദമിക പരിചയമില്ലാത്തവരെയും നിയോഗിക്കാമെന്ന നിര്‍ദ്ദേശവും കരടില്‍ ഉണ്ട്. ഇതിന്‍റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചു കൂടുതല്‍ പറയേണ്ടതില്ലല്ലോ. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ ആ പദവിയില്‍ കൊണ്ടിരുത്താനുള്ള വളഞ്ഞ വഴിയാണ് ഇവിടെ കേന്ദ്രം പയറ്റുന്നത്.സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ല എന്നാണ് സുവ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നത്. സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്ന യുജിസി കരട് ചട്ടങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തെഴുതിയിട്ടുണ്ട്. ഇതേ വിഷയത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ കൂട്ടായ പരിശ്രമങ്ങള്‍ക്കാണ് കേരളം മുന്‍കൈയെടുക്കുന്നത്.*കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 570 തസ്തികകള്‍ സൃഷ്ടിക്കും*നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. അസിസ്റ്റന്‍റ് സര്‍ജന്‍ 35, നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ്-2 150, ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 250, ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്-2 135 എന്നിങ്ങനെയാണിത്. നിയമന നടപടികള്‍ പൂര്‍ത്തിയായ ശേഷം അടുത്തഘട്ടമായി അനിവാര്യമായ തസ്തികകള്‍ സൃഷ്ടിക്കും. ഇക്കാര്യം പരിശോധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഓരോ ജില്ലയിലും അവശ്യം വേണ്ടുന്ന അസിസ്റ്റന്‍റ് സര്‍ജന്‍ ഒഴികെയുള്ള തസ്തികകള്‍ ആരോഗ്യവും കുടുംബക്ഷേമവും വകുപ്പിന് നിശ്ചയിക്കാവുന്നതാണ്.*ശബരിമല*ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം ഭംഗിയായി സമാപിച്ചിരിക്കുകയാണ്. അയ്യപ്പഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ തീര്‍ത്ഥാടനം സാധ്യമാക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ഒരുക്കിയത്. അതില്‍ ഭക്തര്‍ സംതൃപ്തരാണ് എന്നാണ് മനസിലാക്കുന്നത്.തീര്‍ത്ഥാടന ക്രമീകരണങ്ങളില്‍ അനുഭവസമ്പന്നരെ ഉള്‍പ്പെടുത്തി വരുത്തിയ മാറ്റങ്ങളും, വെര്‍ച്വല്‍ ക്യൂവും ഒപ്പം തത്സമയ ബുക്കിംഗ് ഏര്‍പ്പെടുത്തിയതും മണിക്കൂറുകള്‍ നീളാതെ ദര്‍ശന സൗകര്യം ലഭ്യമാക്കിയതുമൊക്കെ സുഖദര്‍ശനത്തിന് ഇടയാക്കിയ കാരണങ്ങളാണ്. ഈ സീസണില്‍ അരക്കോടിയോളം പേരാണ് ശബരിമല സന്ദര്‍ശിച്ചത്. പ്രതിദിനം 90000ന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. അതില്‍ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. തീര്‍ത്ഥാടന സീസണ്‍ വിജയപ്രദമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നു. ഈ ഒരു തീര്‍ത്ഥാടനകാലം മാത്രം ലക്ഷ്യമിട്ടല്ല, 25 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സന്നിധാനത്തിന്‍റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ട് തയ്യാറാക്കിയ ലേഔട്ട് പ്ലാനിന് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞു. സന്നിധാനത്തിന്‍റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 203439 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide