കൊച്ചി : കേരളത്തില്‍ സ്വര്‍ണവില കത്തിക്കയറുന്നു. വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനെത്തുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് സ്വര്‍ണവില കുതിച്ചുകയറുന്നത്. പവന് 62,480 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 7,810 രൂപയും.
കേരളത്തില്‍ പവന് ഒറ്റയടിക്ക് 840 രൂപയാണ് ഇന്നുമാത്രം വര്‍ധിച്ചത്. ഗ്രാമിന് 105 രൂപയും ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 90 രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിട്ടു. 6,455 രൂപയിലാണ് വ്യാപാരം. എന്നാല്‍, വെള്ളി വില ഗ്രാമിന് 104 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
അതേസമയം, ‘ഇറക്കുമതി തീരുവ’യുമായി ആഗോള വ്യാപാരയുദ്ധത്തിന് ട്രംപ് മുന്നിട്ടിറങ്ങിയതോടെ, സ്വര്‍ണത്തിന് രാജ്യാന്തരതലത്തില്‍ തന്നെ വന്‍ സ്വീകാര്യതയാണ്. ഓഹരികള്‍ വീഴുകയും ഡോളര്‍ മുന്നേറുകയും ചെയ്തതോടെ സ്വര്‍ണം വീണ്ടും സുരക്ഷിത നിക്ഷേപമായി. ഇടിഎഫ് പോലുള്ള സ്വര്‍ണനിക്ഷേപ പദ്ധതികള്‍ക്ക് പ്രിയമേറുകയും ചെയ്തു. ഇത് വിലക്കയറ്റത്തിലേക്ക് വഴിതെളിച്ചു.