
ഡൽഹി: കേരളത്തിന്റെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുമെന്ന് ഗവർണർ. സംസ്ഥാനത്തെ ലഹരി വ്യാപനത്തിന്റെ ആശങ്ക കേരളത്തിലെ നേതാക്കൾക്ക് ഡൽഹിയിൽ ഒരുക്കിയ വിരുന്നിലും രാജേന്ദ്ര അർലേക്കർ പങ്കുവച്ചു. കേരളം ഇപ്പോൾ എൻ്റെ സംസ്ഥാനം ആണെന്നും കേരളത്തിന് എല്ലാ ആവശ്യങ്ങൾക്കും ഒപ്പം ഉണ്ടാകുമെന്നും ഗവർണർ ഉറപ്പ് നൽകി. മുഖ്യമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ പ്രശ്നങ്ങളെക്കുറിച്ച് താനും ബോധവാനാണെന്നും ഈ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്നായിരുന്നു ഗവർണർ നൽകിയ ഉറപ്പ്. ടീം കേരളയോടൊപ്പം ഗവർണറും ഉണ്ട് എന്നത് ആഹ്ളാദകരവും ആവേശകരമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ടു പോകാൻ നമുക്ക് ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുമായുള്ള കൂടിക്കാഴ്ചയെ പോസിറ്റീവായി കാണുന്നുവെന്ന് എം പിമാരും പ്രതികരിച്ചു.
കേരളത്തിന്റെ പ്രശ്‌നങ്ങളെയും ആവശ്യങ്ങളെയും പ്രാധാന്യമർപ്പിച്ച് എല്ലാ എം പിമാരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പ്രഥമ പരിഗണനയോടൊപ്പം കേരളത്തിനും നിർണ്ണായക സ്ഥാനമുണ്ട്. കേരളത്തിന്റെ ആവശ്യങ്ങൾ ഫലപ്രദമായി കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി ഞാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടെ നിലകൊള്ളും എന്നായിരുന്നു ഗവർണറുടെ പ്രഖ്യാപനം. ഡൽഹിയിലെ കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിൽ നിന്നുള്ള എംപിമാർ എന്നിവർ ചേർന്ന് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങൾ ചർച്ച ചെയ്ത യോഗത്തിലാണ് ഈ പ്രഖ്യാപനം നടന്നത്. രാഷ്ട്രീയവത്കരണത്തിന് അതീതമായി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മുൻനിരയിൽ എത്തിക്കാനാണ് ഈ യോഗം സംഘടിപ്പിച്ചത്. ഗവർണറുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു യോഗം ആദ്യമായാണ് നടക്കുന്നത്.
യോഗത്തിൽ പങ്കെടുത്ത പ്രമുഖർ
ലോക്സഭാംഗങ്ങളായ രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, എം.കെ രാഘവൻ, ഇ.ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ, കെ.രാധാകൃഷ്ണൻ, ഹൈബി ഈഡൻ, കെ.സി വേണുഗോപാൽ, ആന്റോ ആന്റണി, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എൻ.കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, എ.എ. റഹിം, ജോസ് കെമാണി, ഹാരീസ് ബീരാൻ, പി.പി. സുനീർ, പി.വി. അബ്ദുൽ വഹാബ്, പി.ടി. ഉഷ, ഡോ. വി. ശിവദാസൻ, ജെബി മേത്തർ, പി. സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു. ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് പ്രത്യേക ക്ഷണിതാവായിരുന്നു.