ചരിത്രത്തിൽ രണ്ടാംതവണ! ഇത് കേരളത്തിന്‍റെ അത്യുജ്വല കുതിപ്പ്, വിജയത്തോളം മധുരിക്കുന്ന സമനിലയോടെ രഞ്ജി സെമി ടിക്കറ്റ് സ്വന്തമാക്കി; എതിരാളി ഗുജറാത്ത്

പൂനെ: രഞ്ജി ട്രോഫിയില്‍ കേരളം സെമി ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ വിജയത്തോളം മധുരമൂറുന്ന സമനിലയോടെയാണ് കേരളം സെമിയിലേക്ക് കുതിച്ചത്. ആദ്യ ഇന്നിങ്‌സില്‍ നേടിയ ഒരു റണ്‍സ് ലീഡാണ് കേരളത്തിന് സെമി ടിക്കറ്റ് നൽകിയത്. ഈമാസം 17ന് തുടങ്ങുന്ന സെമിയില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളി. രണ്ടാം സെമിയില്‍ മുംബൈ, വിദര്‍ഭയുമായി ഏറ്റുമുട്ടും. ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി സെമിയില്‍ ഇടം കണ്ടെത്തുന്നത്. 2018-19 സീസണിലായിരുന്നു കേരളം ആദ്യമായി സെമിയിലെത്തിയത്. 2017-18 സീസണിലാണ് ആദ്യമായി ക്വാര്‍ട്ടറിലെത്തിയത്.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സല്‍മാന്‍ നിസാര്‍ രണ്ടാം ഇന്നിങ്‌സിലും കേരളത്തിനായി തിളങ്ങി. മധ്യനിരയുടെ തകര്‍ച്ചയോടെ പരാജയ ഭീഷണി നേരിട്ട കേരളം സല്‍മാന്‍ നിസാറിന്റെയും മുഹമ്മദ് അസറുദ്ദീന്റെയും ഉജ്ജ്വലമായ ചെറുത്തുനില്‍പ്പോടെ സമനില നേടുകയായിരുന്നു.

399 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 100 ന് രണ്ട് എന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശി വിക്കറ്റ് കളയാതെ സമനിലക്കു വേണ്ടി തന്നെയാണ് കേരളം കളിച്ചത്. കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റിന് 291 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. ജമ്മു കശ്മീരിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 280 റണ്‍സിന് മറുപടിയായി കേരളം 281 റണ്‍സെടുത്തിരുന്നു. ഈ ഒരു റണ്‍സിന്റെ ലീഡാണ് കേരളത്തിന് തുണയായത്. രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ജമ്മു കശ്മീര്‍ 399 റണ്‍സെടുത്തത്. സ്‌കോര്‍: ജമ്മു കശ്മീര്‍, ആദ്യ ഇന്നിങ്‌സ്- 280, രണ്ടാം ഇന്നിങ്‌സ്- 399, കേരളം- 281, 291/6.

More Stories from this section

family-dental
witywide