
തിരുവനന്തപുരം : ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ പൊലീസു കാരന്‍ കര്‍ണാടക പൊലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂരിലെ എഎസ്‌ഐ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഏര്‍വാടിക്കാരന്‍ ഷഹീര്‍ ബാബുവിനെ (50) ആണ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡ ജില്ലയിലെ വിട്ട്‌ള പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തെ കുടുക്കിയത്.
കര്‍ണാടകയിലെ ബീഡിക്കമ്പനി ഉടമയുടെ വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവരുകയായിരുന്നു എഎസ്‌ഐയും 6 സുഹൃത്തുക്കളും അടങ്ങുന്ന സംഘം. മൂന്നു പേരെ കൊല്ലത്തുനിന്നു കഴിഞ്ഞ മാസം അന്വേഷണസംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണു പൊലീസ് ഉദ്യോഗസ്ഥനും കവര്‍ച്ചയില്‍ പങ്കെടുത്തുവെന്നു കണ്ടെത്തിയത്.
പ്ലാന്ററും ബീഡിക്കമ്പനി ഉടമയുമായ സുലൈമാന്റെ വീട്ടില്‍ രാത്രി എട്ടോടെ തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ ആറംഗ സംഘം ഇ.ഡി ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തി വീട്ടില്‍ പരിശോധന നടത്തി. സുലൈമാന്റെ മകന്‍ മുഹമ്മദ് ഇഖ്ബാലാണു വീട്ടിലുണ്ടായിരുന്നത്. വാറന്റ് ഉണ്ടെന്നു പറഞ്ഞ ശേഷം കവര്‍ച്ചാസംഘം വീടാകെ അരിച്ചുപെറുക്കി. ബിസിനസ് ആവശ്യത്തിനു വീട്ടില്‍ കരുതിവച്ചിരുന്ന 45 ലക്ഷം രൂപയും കുടുംബാംഗങ്ങളുടെ 5 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ബെംഗളൂരുവിലെ ഇ.ഡി ഓഫിസിലെത്തി രേഖകള്‍ ഹാജരാക്കിയ ശേഷം പണം കൈപ്പറ്റാമെന്നു പറഞ്ഞ് ഇവര്‍ കടന്നുകളഞ്ഞു. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇഖ്ബാല്‍ പൊലീസിനു പരാതി നല്‍കി. ഷഹീര്‍ കവര്‍ച്ചയ്ക്കു ശേഷം കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെത്തി വീണ്ടും ജോലിയില്‍ പ്രവേശിച്ചു. പിന്നാലെയാണ് കൂട്ടാളികള്‍ പിടിയിലായതും ഷഹീര്‍ കുടുങ്ങിയതും.