
അഹമ്മദാബാദ്: 90 വർഷം നീണ്ട രഞ്ജിട്രോഫി ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി കേരളം ഇതാദ്യമായി കലാശക്കളിക്ക് ടിക്കറ്റ് സ്വന്തമാക്കി. കരുത്തരായ ഗുജറാത്തിനെ മോദി സ്റ്റേഡിയത്തിൽ മലർത്തിയടിച്ചാണ് കേരളം ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. മത്സരം സമനിലയിൽ കലാശിച്ചതോടെ ഒന്നാം ഇന്നിംഗ്സിലെ രണ്ട് റൺസ് ലീഡിന്‍റെ ബലത്തിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. 26ന് നടക്കുന്ന ഫൈനലിൽ കേരളം വിദർഭയെ നേരിടും.
ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 457 റൺസ് ലക്ഷ്യമാക്കി ബാറ്റേന്തിയ ഗുജറാത്ത് 455 പുറത്തായതാണ് നേട്ടമായത്. രണ്ടാം ഇന്നിങ്സിൽ കേരളെ 114/4 എന്നനിലയിൽ നിൽക്കെ മത്സരം സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു. സ്കോർ: കേരളം 457 , 114/4 . ഗുജറാത്ത് 455.രോഹൻ എസ് കുന്നുമ്മൽ (69 പന്തിൽ 32), സച്ചിൻ ബേബി (19 പന്തിൽ 10), അക്ഷയ് ചന്ദ്രൻ (34 പന്തിൽ 9), വരുൺ നായനാർ (11 പന്തിൽ ) എന്നിവരാണ് അവസാന ദിവസം പുറത്തായത്. ജലജ് സക്സേനയും (90 പന്തിൽ 37) അഹമ്മദ് ഇമ്രാനും (57 പന്തിൽ 14) പുറത്താകാതെ നിന്നു.
അഞ്ചാം ദിനം ഗുജറാത്തിനായി പ്രതിരോധം തീർത്ത ജയ്‌മീത് പട്ടേലിനെയും (117 പന്തിൽ 79) സിദ്ധാർഥ് ദേശായിയെയും (164 പന്തിൽ 30) അർസാൻ നാഗസ്വല്ലയെയും (48 പന്തിൽ 10) അഞ്ചാം ദിനം ആദിത്യ സർവാതെ പുറത്താക്കിയതോടെയാണ് കളി കേരളത്തിന് അനുകൂലമായത്.ജലജ് സക്‌സേനയും ആദിത്യ സർവാതെയും കേരളത്തിനായി നാലു വിക്കറ്റുകൾ നേടി.നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ 80 റണ്ണിന് തകർത്താണ് വിദർഭ ഫൈനലിലെത്തിയത്. സ്‌കോർ: വിദർഭ 383, 292 മുംബൈ 270, 325.