പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതകത്തിൽ അക്രമി ചെന്താമരയ്ക്കായി തിരച്ചിൽ ഊർജിതം. വിവിധ ഇടങ്ങളായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ചെന്താമര സുഹൃത്തിന് വിറ്റു എന്ന് പറയുന്ന ഫോൺ ഒണായതായാണ് വിവരം. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐപിഎസ് പറഞ്ഞു. മൊബൈലിൽ പല സിമ്മുകൾ ഉപയോഗിച്ചിട്ടുള്ളതായും ചെന്താമരയുടെ സിം കാർഡ് മറ്റ് ഫോണുകളിലിട്ട് കോളുകൾ ചെയ്തതായും പൊലീസിന് വിവരം ലഭച്ചിട്ടുണ്ട്. ചെന്താമരയുടെ സഹോദരനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണത്തിൽ ബാക്കി നടപടി ക്രമങ്ങൾ ചെയ്ത് വരികയാണ്. പ്രതി ജാമ്യ അപേക്ഷ നൽകിയപ്പോഴും ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടപ്പോഴും നെന്മാറ പൊലീസ് ശക്തമായി എതിർത്തിരുന്നുവെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അതേസമയം നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ എസ്എച്ച്ഒ എം മഹേന്ദ്ര സിംഹന് പിഴവ് സംഭവിച്ചെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയതായി വിവരമുണ്ട്. ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് എസ്എച്ച്ഒയുടെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നതെന്നാണ് വിവരം. കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചതറിഞ്ഞിട്ടും കോടതിയെ അറിയിച്ചില്ലെന്നതാണ് പ്രധാന പിഴവായി ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. നെന്മാറയിൽ കടക്കാൻ വിലക്കുണ്ടായിരുന്നിട്ടും ഈ വിലക്ക് ലംഘിച്ച് ഒരു മാസം പ്രതി നെന്മാറയിൽ താമസിച്ചുവെന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് സൂചന.