
ലാഹോർ: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിലുള്ള വൈരാഗ്യത്താൽ അഡ്മിനെ വെടിവച്ചു കൊന്നു. പാകിസ്ഥാനിലെ പെഷവാറിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മുഷ്‌താഖ് അഹ്‌മ്മദ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അഷ്ഫാഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി.
ചാറ്റിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് പ്രാദേശിക ഗ്രൂപ്പിൽ നിന്ന് അഷ്ഫാഖിനെ അഹ്‌മ്മദ് പുറത്താക്കിയത്. പ്രശ്നം സംസാരിച്ച് തീർക്കാൻ ഇരുവരും തമ്മിൽ കണ്ടു. അഹ്‌മ്മദ് സംസാരിക്കുന്നതിനിടെ അഷ്ഫാഖ് കൈവശം വച്ചിരുന്ന തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. പെഷവാർ ഉൾപ്പെടുന്ന ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ അക്രമ സംഭവങ്ങൾ വ്യാപകമാണ്.