ലഖ്നൗ: മഹാകുംഭമേള സന്ദര്‍ശിക്കാന്‍ ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യാല്‍ വാങ്ചുക്ക് തിങ്കളാഴ്ച ലഖ്നൗവിലെത്തി. പുണ്യസ്‌നാനത്തിനായി ചൊവ്വാഴ്ച അദ്ദേഹം മഹാകുംഭം സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാജാവിനെ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താവളത്തില്‍ കലാകാരന്മാര്‍ സാംസ്‌കാരിക പരിപാടികളോടെയാണ് രാജാവിനെ സ്വീകരിച്ചത്.
പിന്നീട്, രാജ്ഭവനില്‍ എത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സ്വീകരിച്ചു. അവിടെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ രാജാവ് പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യ-ഭൂട്ടാന്‍ ബന്ധത്തെക്കുറിച്ച് ഗവര്‍ണറും മുഖ്യമന്ത്രിയും രാജാവുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി.
മഹാകുംഭമേളയിലെ മൂന്നാം അമൃത് സ്‌നാനമായിരുന്ന ഇന്നലെ വന്‍ ഭക്തജന തിരക്കായിരുന്നു അനുഭവപ്പെട്ടത്. ബസന്ത് പഞ്ചമി ദിനത്തിലെ അമൃത് സ്‌നാനത്തിനായി ലക്ഷങ്ങളെത്തി. യോഗി സര്‍ക്കാര്‍ ഹെലികോപ്റ്ററുകളില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തി. മകര സംക്രാന്തിയിലെ ആദ്യത്തെ അമൃത് സ്നാന്‍, മൗനി അമാവാസിയിലെ രണ്ടാമത്ത അമൃത് സ്‌നാന്‍ എന്നീ അവസരങ്ങളിലും യുപി സര്‍ക്കാര്‍ പുഷ്പവൃഷ്ടി നടത്തിയിരുന്നു.