
ദില്ലി: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ മെഡിക്കൽ റിപ്പോർട്ട് നിർണായകമാകുന്നു. കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാരാണ് കേസിലെ മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതയിൽ സമർപ്പിച്ചത്. കേസിന്‍റെ ആദ്യ ഘട്ടത്തിൽ തന്നെ കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും താൻ നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കുടുംബത്തിലെ പ്രശ്നങ്ങൾ ആണ് നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിന് പിന്നിലെ കാരണം എന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കൽ റിപ്പോർട്ട് ഉയർത്തി സർക്കാർ ചോദ്യം ചെയ്തത്. കേസിന്‍റെ ആദ്യ ഘട്ടത്തിൽ തന്നെ കുട്ടി താൻ നേരിട്ട പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നൽകിയിട്ടുണ്ടെന്നും പിന്നെ എങ്ങനെയാണ് കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്നായിരുന്നു സർക്കാരിന്‍റെ ചോദ്യം. ഇതിന് പിന്നാലെ കേസിലെ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി ചോദിക്കുകയും ചെയ്തു. കേസ് മാർച്ച് 24 ന് പരിഗണിക്കാനായി മാറ്റി. അതുവരെ അറസ്റ്റിൽ നിന്നും കൂട്ടിക്കൽ ജയചന്ദ്രന് നൽകിയ ഇടക്കാല സംരക്ഷണം സുപ്രീം കോടതി നീട്ടുകയും ചെയ്തു.
2024 ജൂണ്‍ മാസം എട്ടാം തിയതി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചെന്ന നാലു വയസുകാരിയുടെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഏഴ് മാസത്തോളം ഒളിവിലായിരുന്ന നടൻ, ഹൈക്കോടതിയടക്കം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി 27 ന് കേസ് പരിഗണിച്ച സുപ്രീം കോടതി, മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മാർച്ച് 24 ന് കേസ് പരിഗണിക്കുന്നത് നടനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.