കോഴിക്കോടിനെ നടുക്കി നഗരമധ്യത്തിൽ ബസ് മറിഞ്ഞ് അപകടം; നാൽപ്പതോളം പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് നഗരത്തെ നടുക്കി ബസ് മറിഞ്ഞ് അപകടം. അരയിടത്തുപാടത്തിന് സമീപത്ത് വന്ന് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. സ്കൂൾ കുട്ടികളടക്കം 40 ഓളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. 40 പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും 20 ഓളം പേർക്ക് കാര്യമായ പരുക്കുണ്ടെന്നുമാണ് വിവരം. പരുക്കേറ്റ 27 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ കെഎൽ 12 സി 6676 ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് നാട്ടുകാർ പറയുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. വൈകുന്നേരം 4.15ഓടെയായിരുന്നു അപകടം. ബസ് കോഴിക്കോട് നിന്ന് മുക്കത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

More Stories from this section

family-dental
witywide