‘ബിജെപിയെ ഫാസിസ്റ്റ് എന്ന് പറയാൻ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി, അരിയും തിന്ന് ആശാരിയെയും കടിച്ചിട്ടും നായക്ക് മുറുമുറുപ്പ് പോലെയായി സിപിഎം: സുധാകരൻ

തിരുവനന്തപുരം: മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും സുധാകരൻ വാർത്താക്കുറിപ്പിലൂടെ ചൂണ്ടികാട്ടി.

ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി മുഖ്യമന്ത്രിയായത്. ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെയുള്ള എല്ലാ അഴിമതിക്കേസുകളും ബിജെപിയുമായി ധാരണയുണ്ടാക്കി മൂടിവച്ചു. ഇന്ത്യാസഖ്യത്തിനെതിരേ ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവര്‍ത്തിച്ചു. സഖ്യത്തിനുവേണ്ടി ഒരിടത്തും പ്രചാരണത്തിനിറങ്ങാത്ത ഏക ബിജെപിയിതര മുഖ്യമന്ത്രി പിണറായി വിജയനാണ്. അരിയും തിന്നു ആശാരിയെയും കടിച്ചു പിന്നെയും നായയ്ക്കു മുറുമുറുപ്പ് എന്ന മട്ടിലാണ് ഇപ്പോള്‍ സിപിഎം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

മോദിയെയോ ബിജെപിയെയോ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ സിപിഎം തയാറല്ല. അതിന് കേരള മുഖ്യമന്ത്രി അനുവദിക്കില്ല. സിപിഎം എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പിണറായി വിജയനായിട്ട് നാളേറെയായി. സിപിഎം പൊളിറ്റ്ബ്യൂറോ, ദേശീയ ജനറല്‍ സെക്രട്ടറി, കേന്ദ്രകമ്മിറ്റി എന്നൊക്കെ പറയുന്നത് അലങ്കാരത്തിനപ്പുറം ഒന്നുമില്ല. ബാബ്‌റി മസ്ജിജ് പൊളിച്ചതും ഭക്ഷണത്തിന്റെയും വസ്ത്രധാരണത്തിന്റെയും അഭിപ്രായപ്രകടനത്തിന്റെയും പേരില്‍ അനേകരെ ചുട്ടുകരിച്ചതും പൗരത്വഭേദഗതി നിയമം നടപ്പാക്കിയതുമൊന്നും പിണറായി വിജയന് ഫാസിസമല്ലെന്നും സുധാകരൻ വിമർശിച്ചു.

ഡല്‍ഹിയില്‍ 6 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് നോട്ടയ്ക്കും താഴെ .4 ശതമാനം വോട്ടാണ് ലഭിച്ചത്. ദശാബ്ദങ്ങള്‍ ഭരണത്തിലിരുന്ന പശ്ചിമ ബംഗാളില്‍ ഇടതുവോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിപ്പോയി. ഹരിയാനിയില്‍ കോണ്‍ഗ്രസാണ് സിപിഎമ്മിന് ഒരു സീറ്റ് നൽയത്. പിണറായി വിജയന്‍ സ്തുതിച്ച ആം ആദ്മി പാര്‍ട്ടി ഒരു സീറ്റുപോലും നൽകിയില്ല. തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം വച്ചാണ് സിപിഎം വോട്ടുപിടിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1.76 ശതമാനം മാത്രം വോട്ടു നേടിയ സിപിഎം ആണ് രാജ്യത്ത് ബിജെപിയെ നേരിടുന്നതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 21.19 ശതമാനം വോട്ടു നേടി ബിജെപിയോട് നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്നത് കോണ്‍ഗ്രസാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Also Read

More Stories from this section

family-dental
witywide