ലളിത് മോദിക്ക് തിരിച്ചടി ; പാസ്പോര്‍ട്ട് റദ്ദാക്കാന്‍ ഉത്തരവിട്ട് വാനുവാട്ടു പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ഇന്ത്യ തേടുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സ്ഥാപകന്‍ ലളിത് മോദിയുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ വാനുവാട്ടു പ്രധാനമന്ത്രി ഉത്തരവിട്ടു. ലളിത് മോദി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കാന്‍ അപേക്ഷിച്ചതിന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ തിരിച്ചടി. വാനുവാട്ടു പ്രധാനമന്ത്രി ജോതം നപത് ആണ് ലളിത് മോദിയുടെ വാനുവാട്ടു പാസ്പോര്‍ട്ട് റദ്ദാക്കാന്‍ തിങ്കളാഴ്ച പൗരത്വ കമ്മീഷനോട് ഉത്തരവിട്ടത്.

നാടുകടത്തല്‍ ഒഴിവാക്കാന്‍ ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രമായ വാനുവാട്ടുവിന്റെ പൗരത്വം ദുരുപയോഗം ചെയ്തതായി അദ്ദേഹം ആരോപിച്ചു. ലീഗിന്റെ തലപ്പത്തിരുന്ന കാലത്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മുന്‍ ഐപിഎല്‍ മേധാവിയെ ഇന്ത്യ അന്വേഷിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് വാനുവാട്ടുവിന്റെ നടപടി.

കള്ളപ്പണം വെളിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധികേസുകളാണ് ലളിത് മോദിക്കെതിരേയുള്ളത്. അദ്ദേഹത്തെ വിട്ടുകിട്ടാന്‍ മോദി സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദം നല്‍കുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടിസ്.

More Stories from this section

family-dental
witywide