
ഡൽഹി: സാമ്പത്തിക കുറ്റകൃത്യകേസിൽ അന്വേഷണം നേരിട്ടതോടെ രാജ്യംവിട്ട ഐപിഎൽ മേധാവിയായിരുന്ന ലളിത് മോദി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ഇന്ത്യൻ പാസ്‌പോർട്ട് തിരികെ നൽകാൻ (സറണ്ടർ ചെയ്യാൻ) ലളിത് മോദി അപേക്ഷ സമർപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലാണ് അപേക്ഷ ലഭിച്ചിട്ടുള്ളത്. തെക്കൻ ശാന്തസമുദ്രത്തിലെ കൊച്ചു ദ്വീപായ വനുവാട്ടുവിലെ പൗരത്വം ലളിത് മോദി എടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് ഗുജറാത്തിയായ അദ്ദേഹം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 12,274 ചതുരശ്ര കിലോമീറ്ററാണ് വാനുവാട്ടുവിന്റെ ആകെ വിസ്തീർണ്ണം. ജനസംഖ്യയാകട്ടെ മൂന്നരലക്ഷത്തിന് താഴെയും. സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളിപ്പിക്കൽ ഉൾപ്പെടെയുള്ള നിരവധികേസുകളാണ് ലളിത് മോദിക്കെതിരേയുള്ളത്. അദ്ദേഹത്തെ വിട്ടുകിട്ടാൻ മോദി സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
ലളിത് മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദം നൽകുന്നതാണ് റെഡ് കോർണർ നോട്ടിസ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പ്രഥമ മേധാവിയായ ലളിത് മോദിയെ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് 2010ൽ ആ നിന്നു നീക്കിയിരുന്നു. പിന്നാലെ അറസ്റ്റ് ഭയന്നു ബ്രിട്ടനിലേക്ക് നാടുവിടുകയായിരുന്നു.