
കൊച്ചി: ചികിത്സ പൂര്‍ത്തിയായിട്ടും വിവിധ ആശുപത്രികളില്‍ ബന്ധുക്കള്‍ തിരികെ കൊണ്ടുപോകാതെ തനിച്ചായി പോയവര്‍ നിരവധിയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത്തരം ആളുകളെ കേരളം ഏറ്റെടുത്ത് സംരക്ഷിക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലുമാണ് ചികിത്സ കഴിഞ്ഞിട്ടും ഏറ്റെടുക്കാന്‍ ആരുമില്ലാതെ നിരവധിപേര്‍ ഉപേക്ഷിക്കപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട കൂടുതല്‍ ആളുകളുള്ളത്.
വയോജന കേന്ദ്രങ്ങളിലേക്കും പാലിയേറ്റീവ് സ്ഥാപനങ്ങളിലേക്കുമാണ് ആശുപത്രികളില്‍ ചികിത്സ പൂര്‍ത്തിയായവരെ ഏറ്റെടുക്കുന്നത്. അനാഥരാക്കപ്പെട്ട 800-ഓളം പേരെയാണ് സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴിലുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞവര്‍ഷം മാത്രം ഏറ്റെടുത്തത്. ഈ വര്‍ഷം ഇതുവരെ നൂറിലേറെപ്പേരെ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മാത്രം 21 പേരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു. അതേസമയം, ചികിത്സ പൂര്‍ത്തിയായിട്ടും ആരും കൂട്ടിക്കൊണ്ടുപോകാന്‍ എത്താതെ, 44 പേരാണ് തിരുവനന്തപുരത്ത് ആശുപത്രികളില്‍ കഴിയുന്നത്.
കൊച്ചിയില്‍ 16 പേരും ആലപ്പുഴയില്‍ പത്തുപേരും കോട്ടയത്ത് 17 പേരും മെഡിക്കല്‍ കോളേജുകളില്‍ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്നു.