ഇന്‍വെസ്റ്റ് കേരള കാത്തുകാത്തിരുന്ന പ്രഖ്യാപനം എത്തി! ഒന്നും രണ്ടുമല്ല 5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

കൊച്ചി: ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ കേരളം ഉറ്റുനോക്കിയത് ലുലു ഗ്രൂപ്പിന്‍റെ നിക്ഷേപ പ്രഖ്യാപനമാണ്. നിക്ഷേപ സംഗമത്തിന്‍റെ അവസാന ദിനം കേരളം കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. 5000 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ നടത്തുമെന്നാണ് ലുലു ഗ്രൂപ്പ് ഇന്‍വെസ്റ്റ് കേരളയിൽ പ്രഖ്യാപിച്ചത്. 15000 പേർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്ന സംരംഭങ്ങൾ കേരളത്തിൽ 4 വർഷത്തിൽ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഐ ടി ടവർ, ഗ്ലോബൽ സിറ്റി, ഫുഡ് പ്രൊസസിംഗ് പാർക്ക് എന്നിവ പുതിയ സംരംഭങ്ങളിൽപ്പെടുമെന്നും അധികൃതർ അറിയിച്ചു.

വിശദ വിവരങ്ങൾ ഇങ്ങനെ

ഐടി, റീട്ടെയിൽ, ഫിനാൻസ് മേഖലയിൽ അടുത്ത നാല് വർഷത്തിനുള്ളിൽ മികച്ച നിക്ഷേപം നടത്തും. മാളുകളും, ഹൈപ്പർമാർക്കറ്റ്, കൺവെൻഷൻ സെന്ററുകളും ഉൾപ്പടെ കേരളത്തിൽ നിക്ഷേപം നടത്തിയിട്ടുള്ള ലുലു ,കൂടുതൽ മേഖലകളിലേക്ക് നിക്ഷേപം നടത്തും. കളമശ്ശേരിയിൽ ലുലുവിന്റെ ഭഷ്യ സംസ്കരണ യൂണിറ്റ് ഈ വർഷം ആരംഭിക്കും. കൂടാതെ ഐ ടി ടവറുകൾ മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. െഎ.ടി , ഫിനാൻസ് എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങൾ ​ഗ്ലോബൽ സിറ്റിയുടെ ഭാ​ഗമായി നടക്കും.

പെരുന്തൽ മണ്ണ, കാസർ​ഗോഡ് , തൃശൂർ, തിരൂർ കണ്ണൂർ ഉൾപ്പടെ ലുലുവിന്റെ ചെറുമാളുകളും ഹൈപ്പർമാർക്കറ്റുകളുമെത്തും. കളമശ്ശേരിയിൽ ആരംഭിക്കുന്ന ഭക്ഷ്യ സംസ്കരണ യൂണിറ്റ് വഴി കൊച്ചിയിൽ നിന്നുള്ള ഫുഡ് എക്സ്പോർട്ടിന് വേ​ഗതയേറും, പച്ചക്കറികൾ, പഴവർ​ഗങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കോൾഡ് സ്റ്റോറേജുകൾ ഉൾപ്പടെയുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റ് വലിയ തൊഴിലവസരം സൃഷ്ടിക്കുന്നതാണ്.പുതിയ പദ്ധതികൾ വഴി 15000 തൊഴിൽ അവസരങ്ങൾ ഒരുങ്ങുമെന്നും നാടിൻറെ സമഗ്രവികസനത്തിന് കരുത്തേകുമെന്നും ലുലു ​ഗ്രൂപ്പ് ഇന്റർ നാഷണൽ എക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി വ്യക്തമാക്കി.

ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ അഷറഫ് അലി ഒപ്പുവച്ചു. ലുലു ​ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആന്റ് ഡയറക്ടർ എം.എ നിഷാദ്, ലുലു ​ഗ്രൂപ്പ് ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ​​ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ‌, റീജണൽ ഡയറക്ടർ സാദിഖ് ഖാസിം തുടങ്ങിയവർ പങ്കെടുത്തു

More Stories from this section

family-dental
witywide