കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മകള്‍ ആശാ ലോറന്‍സ്. ഹൈക്കോടതി ഉത്തരവിനെതിരെ ആശ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ആശയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
നടപ്പാക്കിയത് രാഷ്ട്രീയ തീരുമാനമെന്നാണ് ആശ അപ്പീലില്‍ ചൂണ്ടിക്കാട്ടിയത്. സി.പി.എമ്മിനെ എതിര്‍ കക്ഷിയാക്കിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനുള്ള തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരുന്നു. പ്രശ്‌നപരിഹാരത്തിനായി നിയോഗിക്കപ്പെട്ട മധ്യസ്ഥനും പരാജയം സമ്മതിച്ചതോടെയാണ് ഹൈക്കോടതി തീരുമാനമെടുത്തത്.
സെപ്തംബര്‍ 21 നാണ് എം എം ലോറന്‍സ് അന്തരിച്ചത്. വിടപറഞ്ഞ് രണ്ടാം ദിവസം മുതല്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം നിയമ വ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.