ബിഹാറില്‍ മദ്രസ വിദ്യാര്‍ത്ഥികളെക്കൊണ്ട് നിര്‍ബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു, പിന്നില്‍ പ്രദേശത്തെ 4 കൗമാരക്കാര്‍, കസ്റ്റഡിയിലെടുത്തെന്ന് പൊലീസ്

പട്ന: ബിഹാറിലെ ബങ്ക ജില്ലയിലെ ഒരു കൂട്ടം കൗമാരക്കാര്‍ മദ്രസ വിദ്യാര്‍ത്ഥികളെക്കൊണ്ട് നിര്‍ബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. മസ്ജിദ് ബരാഹത് മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ മദ്രസയ്ക്ക് സമീപമുള്ള വയലില്‍ കളിക്കുകയായിരുന്നു. ഇതിനിടെ അവിടേക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത നാലു കൗമാരക്കാര്‍ വിദ്യാര്‍ത്ഥികളോട് ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പേടിച്ചുപോയെ കുട്ടികള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ‘ജയ് ശ്രീറാം’ എന്ന് വിളിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും നാലുപേരടങ്ങുന്ന സംഘം പകര്‍ത്തി. സംഘം വിദ്യാര്‍ത്ഥികളോട് ഉച്ചത്തില്‍ ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ ആവശ്യപ്പെടുന്നത് വൈറലായ വീഡിയോയില്‍ കേള്‍ക്കാം. ‘ഇപ്പോള്‍ നിങ്ങള്‍ ഹിന്ദുക്കളായി, സ്വതന്ത്രരായി. ഇപ്പോള്‍ ആര്‍ക്കും നിങ്ങളോട് ഒരു തെറ്റും ചെയ്യാന്‍ കഴിയില്ല’ എന്നും സംഘം കുട്ടികളോട് പറയുന്നതും വ്യക്തമാണ്.

പ്രതികളില്‍ മൂന്ന് പേര്‍ ബര്‍ഹത് ഗ്രാമത്തില്‍ നിന്നുള്ളവരും ഒരാള്‍ ജാര്‍ഖണ്ഡിലെ ദിയോഘര്‍ സ്വദേശിയാണ്. ഈ കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് വന്നതാണെന്നും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത നാലുപേരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്നും ബങ്ക പൊലീസ് സൂപ്രണ്ട് ഉപേന്ദ്ര നാഥ് വര്‍മ്മ പറഞ്ഞു. മദ്രസയിലെ മുഖ്യ മൗലവിയും പരാതി നല്‍കിയിരുന്നു.

More Stories from this section

family-dental
witywide