
കൊല്‍ക്കത്ത : ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയുടെ നടത്തിപ്പില്‍ കെടുകാര്യസ്ഥതയുണ്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘മഹാ കുംഭ്’ ‘മൃത്യു കുംഭ്’ ആയി മാറിയെന്നും യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാലാണ് ഇത് സംഭവിച്ചതെന്നും മമത ആരോപിച്ചു.
‘മഹാ കുംഭമേളയെ ഞാന്‍ ബഹുമാനിക്കുന്നു, പുണ്യ ഗംഗാ മാതാവിനെയും ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ ആസൂത്രണമൊന്നുമില്ല… എത്ര പേരെ സുഖപ്പെടുത്തി?… സമ്പന്നര്‍ക്കും വിഐപികള്‍ക്കും, ഒരു ലക്ഷം രൂപ വരെ വിലയുള്ള ക്യാമ്പുകള്‍ ,ടെന്റുകള്‍ ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്. ദരിദ്രര്‍ക്ക്, കുംഭമേളയില്‍ ഒരു ക്രമീകരണവുമില്ല… ഒരു ‘മേള’യില്‍ തിക്കിലും തിരക്കിലും പെട്ട് വീഴുന്നത് സാധാരണമാണ്, പക്ഷേ ക്രമീകരണങ്ങള്‍ ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങള്‍ എന്ത് ആസൂത്രണമാണ് നടത്തിയത്?’ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ആക്രമിച്ചുകൊണ്ട് മമത ബാനര്‍ജി ചോദിച്ചു.
അതേസമയം മമത ബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ ബംഗാളിലെ ബി.ജെ.പി. എം.എല്‍.എമാര്‍ പ്രതിഷേധവുമായെത്തി. മമത ഹിന്ദുവിരുദ്ധയായ മുഖ്യമന്ത്രിയാണെന്നും മഹാകുംഭമേളയെ അപമാനിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്നും ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പറഞ്ഞു.