മഹാകുംഭ മേളയുടെ ഭാഗമായ മൂന്നാം അമൃതസ്‌നാനം ഇന്ന്. 30 പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ പ്രധാന സ്‌നാനദിനത്തിലെ ദുരന്തം പോലൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ദുരന്തത്തിന്റെ വെളിച്ചത്തില്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച മുതല്‍ ഒരുക്കങ്ങള്‍ നേരിട്ട് പരിശോധിച്ചുവരികയാണ്. യുപി സര്‍ക്കാര്‍ സുരക്ഷ, മെഡിക്കല്‍ സേവനങ്ങള്‍, ജനക്കൂട്ട നിയന്ത്രണം എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ബസന്ത് പഞ്ചമി ദിനത്തിലെ ‘അമൃത് സ്‌നാനം’ ഭക്തര്‍ക്കിടയിലെ പ്രധാനദിനങ്ങളിലൊന്നാണ്. കഴിഞ്ഞയാഴ്ച മാരകമായ ജനക്കൂട്ടത്തിന്റെ തിരക്ക് അനുഭവപ്പെട്ട സംഗം നോസില്‍ ആത്മീയ വിഭാഗങ്ങള്‍ ഏത് ക്രമത്തിലാണ് സ്‌നാനം ചെയ്യേണ്ടതെന്ന് മേള അധികാരികളും അഖാരകളും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അമൃത് സ്‌നാനത്തിന്റെ ഭാഗമായി, പുലര്‍ച്ചെ വിവിധ അഖാരകളില്‍ നിന്നുള്ള നിരവധി സന്യാസിമാര്‍ പുണ്യസ്‌നാനം നടത്തി. പുലര്‍ച്ചെ 4 മണിയോടെ, 16.58 ലക്ഷം ഭക്തര്‍ പുണ്യസ്‌നാനത്തിനെത്തിയെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച മാത്രം 5 കോടി ഭക്തരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. സംഗമത്തിലേക്കുള്ള വഴികളിലെല്ലാം 10 കിലോമീറ്ററോളം ഭക്തരുടെ നീണ്ട നിരയുണ്ട്. പ്രയാഗ്രാജ് ജംഗ്ഷനില്‍ നിന്ന് ഏകദേശം 8 മുതല്‍ 10 കിലോമീറ്റര്‍ വരെ ദൂരം കാല്‍നടയായിട്ടാണ് ആളുകള്‍ സംഗമത്തിലേക്ക് എത്തുന്നത്.
വസന്തത്തിന്റെ ആദ്യ ദിവസമാണ് ബസന്ത് പഞ്ചമി ആഘോഷിക്കുന്നത്, മാഘ മാസത്തിലെ അഞ്ചാം ദിവസമാണ് ഹിന്ദു ഉത്സവം. ഇന്ത്യയില്‍ ഹോളി ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ ദിവസം, സരസ്വതി ദേവിയുടെ ആഘോഷവുമാണ്. മൗനി അമാവാസിയിലെ അവസാന ‘അമൃത് സ്‌നാന’ പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേള 2025 ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 ന് അവസാനിക്കും. മഹാ കുംഭമേളയിലെ ശേഷിക്കുന്ന പ്രധാന ‘സ്‌നാന’ തീയതികള്‍ ഫെബ്രുവരി 12 (മാഘി പൂര്‍ണിമ), ഫെബ്രുവരി 26 (മഹാ ശിവരാത്രി) എന്നിവയാണ്. ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിലവില്‍ സംഗമത്തില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.