
ലക്നൗ: കുംഭമേള നടക്കുന്ന സ്ഥലങ്ങളിലെ വെള്ളം മലിനമാണെന്ന റിപ്പോർട്ടുകൾ തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുംഭമേള നടക്കുന്ന സ്ഥലങ്ങളിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നതിൽ ഒരു പ്രശ്നവും ഇല്ലെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ വ്യാജ പ്രചാരണമാണ് നടത്തുന്ന്. പ്രയാഗ്രാജിൽ ഗംഗ നദിയിൽ കോളിഫോം ബാക്ടീരിയയുടെ തോത് അപകടകരമായ രീതിയിൽ ഉയരുന്നുവെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. 52.6 കോടി പേർ പ്രയാഗ്‍രാജിൽ സ്നാനം നടത്തി. സനാതന ധർമ്മത്തെ സംബന്ധിച്ച് വ്യാജ പ്രചാരണമാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയിൽ വളരെ ഉയർന്ന അളവിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
മനുഷ്യവിസർജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയത്. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലാണ് എന്നാണ് കണ്ടെത്തൽ. 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയോടനുബന്ധിച്ച് ലക്ഷക്കണക്കിന് പേരാണ് ഗംഗാനദിയിൽ പുണ്യസ്‌നാനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരും സ്നാനം നടത്തിയിരുന്നു.