മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കര്‍ണാടക എക്സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തില്‍ മരണം 13 ലേക്ക്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. പുഷ്പക് എക്സ്പ്രസില്‍ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അപായചങ്ങല വലിച്ച് നിര്‍ത്തിയ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ സമീപത്തെ ട്രാക്കിലേക്ക് ഇറങ്ങിയതായിരുന്നു. ഈ സമയം, ആ ട്രാക്കിലൂടെ എത്തിയ കര്‍ണാടക എക്‌സ്പ്രസ് ഇവര്‍ക്ക് മുകളിലൂടെ കയറിയിറങ്ങി.
മുംബൈയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ പച്ചോറയ്ക്ക് സമീപമുള്ള മഹേജി, പര്‍ദാഡെ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം നടന്നത്. ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസ് എന്ന ഡെയ്ലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ തീപിടുത്തമുണ്ടായെന്ന അഭ്യൂഹം കാരണം വൈകുന്നേരം 5 മണിയോടെ ആരോ ചങ്ങല വലിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയതെന്ന് സെന്‍ട്രല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘പുഷ്പക് എക്‌സ്പ്രസിന്റെ ഒരു കോച്ചിനുള്ളില്‍ ‘ഹോട്ട് ആക്‌സില്‍’ അല്ലെങ്കില്‍ ‘ബ്രേക്ക്-ബൈന്‍ഡിംഗ്’ (ജാമിംഗ്) കാരണം തീപ്പൊരി ഉണ്ടായതായാണ് ഞങ്ങളുടെ പ്രാഥമിക വിവരം, ചില യാത്രക്കാര്‍ പരിഭ്രാന്തരായി. അവര്‍ ചെയിന്‍ വലിച്ചു, ചിലര്‍ ട്രാക്കിലേക്ക് ചാടി. അതേ സമയം, കര്‍ണാടക എക്‌സ്പ്രസ് തൊട്ടടുത്ത ട്രാക്കിലൂടെ കടന്നുപോകുകയായിരുന്നു,’ ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
മരിച്ച 13 പേരില്‍ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്, ആറ് പേരെ തിരിച്ചറിയാനായിട്ടില്ല. കാണാതായ ശരീരഭാഗങ്ങള്‍ തിരച്ചിലിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. ട്രാക്കുകളില്‍ ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ കിടക്കുന്നത ഭയാനകമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റെയില്‍ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം പ്രകടിപ്പിച്ചു.
‘മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ റെയില്‍വേ ട്രാക്കില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ ദുഃഖിതനാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ദുരിതബാധിതര്‍ക്ക് അധികാരികള്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ എഴുതി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.