കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡന്‍റ് മഹിന്ദ രാജപക്‌സെയുടെ മകൻ യോഷിത രാജപക്‌സെയെ ലങ്കൻ പൊലീസിന്‍റെ സി ഐ ഡി വിഭാഗം അറസ്റ്റ് ചെയ്തു. വസ്തു വാങ്ങിയ കേസിൽ അഴിമതി ആരോപിച്ചാണ് യോഷിത രാജപക്‌സെയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. 2015 ന് മുമ്പ് പിതാവ് മഹിന്ദ രാജപക്‌സെ പ്രസിഡൻ്റായിരുന്ന കാലത്ത് വസ്തു വാങ്ങിയതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണത്തിലാണ് മുൻ നേവി ഉദ്യോഗസ്ഥനായ യോഷിതയെ സ്വന്തം പ്രദേശമായ ബെലിയാട്ടയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മഹിന്ദ രാജപക്‌സെയുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് യോഷിത. അദ്ദേഹത്തിൻ്റെ അമ്മാവനും മുൻ പ്രസിഡൻ്റുമായ ഗോതബയ രാജപക്‌സെയെയും കഴിഞ്ഞയാഴ്ച ഇതേ വസ്തു കേസിൽ പോലീസ് ചോദ്യം ചെയ്തിരുന്നു. 36 കാരനായ യോഷിത ലങ്കൻ നാവികസേനയിൽ ഉദ്യോഗസ്ഥനായിരുന്നു. ദേശീയ റഗ്ബി ടീം നായകനുമായിരുന്നു യോഷിത.