
വാഷിംഗ്ടൺ: ആണവ വിഷയത്തിൽ ഇറാനും അമേരിക്കയും അടുത്ത ആഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച നടന്ന ചർച്ചകളെ സൃഷ്ടിപരം എന്നാണ് ഇരു കക്ഷികളും വിശേഷിപ്പിച്ചത്. വളരെ നല്ല പുരോഗതി എന്നും ചര്‍ച്ചകളെ കുറിച്ച് ഇരുകക്ഷികളും പറഞ്ഞു. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മുഖാമുഖം സംസാരിച്ചതായി ഒരു യു എസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
‘ചർച്ചകൾ ക്രിയാത്മകമായ ഒരു അന്തരീക്ഷത്തിലാണ് നടന്നത്. അത് മുന്നോട്ട് പോകുകയാണെന്ന് എനിക്ക് പറയാൻ കഴിയും. സാങ്കേതിക ചർച്ചകൾക്ക് ശേഷം നമ്മൾ മെച്ചപ്പെട്ട നിലയിലാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’വെന്നും എന്ന് അരാഗ്ചി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. ഇത്തവണ തത്വങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് മികച്ച ധാരണയിലെത്താൻ തങ്ങൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 26ന് ഒമാനിൽ വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ്, വരുംദിവസങ്ങളിൽ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടക്കുമെന്ന് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു.