ദാവോസ് (സ്വിറ്റ്‌സര്‍ലന്‍ഡ്): ‘നിങ്ങളുടെ ഉല്‍പ്പന്നം അമേരിക്കയില്‍ നിര്‍മ്മിക്കുക അല്ലെങ്കില്‍ താരിഫ് അടയ്ക്കുക’ എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ 55-ാമത് ഉച്ചകോടിയില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ട്രംപ് ആഗോളതലത്തിലെ രാഷ്ട്രീയ വ്യവസായ പ്രമുഖര്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയത്.
വൈറ്റ് ഹൗസില്‍ നിന്ന് സംസാരിച്ച ട്രംപ്, നികുതി കുറയ്ക്കാനും വ്യവസായങ്ങള്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും നിയമവിരുദ്ധ കുടിയേറ്റം തടയാനുമുള്ള തന്റെ പദ്ധതികളെക്കുറിച്ച് വീഡിയോയിലൂടെ ഉച്ചകോടിയില്‍ സംസാരിച്ചു. അതിനിടയിലാണ്
‘അമേരിക്കയില്‍ നിങ്ങളുടെ ഉല്‍പ്പന്നം നിര്‍മ്മിക്കൂ, ഭൂമിയിലെ ഏതൊരു രാജ്യത്തേക്കാളും ഏറ്റവും കുറഞ്ഞ നികുതികളില്‍ ഒന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും. എന്നാല്‍ നിങ്ങള്‍ അമേരിക്കയില്‍ നിങ്ങളുടെ ഉല്‍പ്പന്നം നിര്‍മ്മിക്കുന്നില്ലെങ്കില്‍, അത് നിങ്ങളുടെ പ്രത്യേകാവകാശമാണ്, നിങ്ങള്‍ തീരുവ നല്‍കേണ്ടിവരും’ എന്ന് സ്വരം കടുപ്പിച്ചത്.
ക്രൂഡ് ഓയില്‍ വില കുറയ്ക്കാന്‍ സൗദി അറേബ്യയോടും പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയോടും ആവശ്യപ്പെടുമെന്നും തന്റെ വിശാലമായ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ക്രൂഡ് ഓയില്‍ വില വില കുറഞ്ഞാല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്നും അദ്ദേഹം വാദിച്ചു.