വികാരനിർഭരമായി കേരളം, പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച രാമചന്ദ്രന് കണ്ണീരോടെ വിട നൽകി ജന്മനാട്, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

കൊച്ചി: കശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച മലയാളി എൻ രാമചന്ദ്രന് കണ്ണീരോടെ വിട ജന്മനാട്. പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഇടപ്പള്ളി പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ പി രാജീവ്, എ കെ ശശീന്ദ്രൻ എന്നിവരടക്കം നിരവധി നേതാക്കളും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു. പഹൽഗാമിലേത് മനുഷ്യകുലത്തിന് നേരെ ഉള്ള ആക്രമണമാണെന്നാണ് ഗവർണർ പ്രതികരിച്ചത്.

വികാരനിർഭരമായ രംഗങ്ങൾക്കിടെ രാമചന്ദ്രന്‍റെ മൃതദേഹം വീട്ടിൽനിന്ന് പുറത്തേക്കെടുത്തപ്പോൾ വർഗീയതയ്ക്കും ഭീകരതയ്ക്കും എതിരായ മുദ്രാവാക്യം വിളികൾ ഉയർന്നു. കുടുംബാഗങ്ങൾ അടക്കം ആ മുദ്രാവാക്യം ഏറ്റുവിളിച്ചു. ഭാരത് മാതാ കീ ജയ് വിളികളും ഉയർന്നു .മകൾ ആരതിയും ‘ഭാരത് മാതാ കീ ജയ്’ വിളിച്ചാണ് പിതാവിന് യാത്രാമൊഴി ചൊല്ലിയത്.

രാവിലെ ഏഴുമണിമുതല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പൊതുദര്‍ശനത്തിൽ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരടക്കം ആയിരങ്ങൾ അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീട് പത്തരയോടെ മങ്ങാട്ടുറോഡിലെ വസതിയിലെത്തിച്ച മൃതദേഹം കാണാൻ നിരവധി പേർ ഒഴുകിയെത്തി. ശ്മശാനത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിലും വഴിയരികിൽ നൂറുകണക്കിനുപേർ രാമചന്ദ്രന് വിടനൽകാൻ കാത്തുനിന്നു.

വികാര നിർഭരമായ നിമിഷങ്ങൾക്കൊടുവിലായിരുന്നു സംസ്കാര ചടങ്ങുകൾ. അച്ഛൻ ഭീകരവാദികളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുമ്പോഴും രണ്ട് ദിവസത്തോളം കരയാതെ പിടിച്ചുനിന്ന ആരതിയുടെ കണ്ണിൽ നിന്ന് നീർത്തുള്ളികൾ അടർന്നുവീണു. യാത്രപറച്ചിലിന്റെ ദിവസവും തളരാതെ പിടിച്ചു നിന്ന് പ്രിയപ്പെട്ട അച്ഛന് അവർ അന്തിമോഭിവാദ്യം നൽകിയത് കണ്ണീരോടെയാണ് അവിടെ കൂടിനിന്നവർ കണ്ടത്. മതാചാര പ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. സംസ്കാര ശേഷം ചങ്ങമ്പുഴ പാർക്കിൽ നടന്ന അനുശോചന സമ്മേളനത്തിൽ നിരവധി പേർ പങ്കെടുത്തു.

More Stories from this section

family-dental
witywide