കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ, കൊലപാതക കേസിലെ പ്രതിക്ക് കൊല്‍ക്കത്ത പൊലീസായിരുന്നുവെങ്കില്‍ വധശിക്ഷ ഉറപ്പാക്കുമായിരുന്നു എന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൊലീസില്‍ നിന്നും കേസ് സിബിഐക്ക് കൈമാറിയതാണ് പ്രതിക്ക് ജീവപര്യന്തമായി ശിക്ഷ കുറയാന്‍ കാരണമെന്നാണ് വിധിക്കു പിന്നാലെ മമതയുടെ പ്രതികരണം.
‘ആദ്യ ദിവസം മുതല്‍ വധശിക്ഷ നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ കൂടി ഞങ്ങള്‍ അത് ആവശ്യപ്പെടുന്നു. പക്ഷേ അത് കോടതിയുടെ ഉത്തരവാണ്. എന്റെ പാര്‍ട്ടിയുടെ അഭിപ്രായം എനിക്ക് പങ്കുവെക്കാം. മൂന്ന് കേസുകളില്‍ 60 ദിവസത്തിനുള്ളില്‍ വധശിക്ഷ ഉറപ്പാക്കി. കേസ് ഞങ്ങളില്‍ നിന്ന് മാറിയിരുന്നില്ലെങ്കില്‍, വളരെ മുമ്പുതന്നെ ഞങ്ങള്‍ വധശിക്ഷ ഉറപ്പാക്കുമായിരുന്നു. വിശദാംശങ്ങള്‍ എനിക്കറിയില്ല.’- മമതയുടെ പ്രതികരണം ഇങ്ങനെ.
രാജ്യത്തെ തന്നെ ഞെട്ടിച്ച കൊടിയ പീഡന-കൊലപാതക കേസായിരുന്നു കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടേത്. ഓഗസ്റ്റ് 9 ന് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു സെമിനാര്‍ ഹാളില്‍വെച്ചാണ് 34 കാരിയായ ഒരു ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു. ഉന്നത സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഗൂഢാലോചന നടന്നുവെന്ന ആരോപണങ്ങള്‍ക്കിടെ, രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. ഈ കേസിലാണ് പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷ ഇന്ന് കൊല്‍ക്കത്ത കോടതി വിധിച്ചത്. മാത്രമല്ല, പ്രതി സിവില്‍ വളണ്ടിയര്‍ ആയ സഞ്ജയ് റോയിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും, വധശിക്ഷ നല്‍കേണ്ട ‘അപൂര്‍വങ്ങളില്‍ അപൂര്‍വമായ’ കേസാണെന്ന് സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഡോക്ടറുടെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് 17 ലക്ഷം രൂപ സാമ്പത്തിക സഹായമായി നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.