കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മാമി എന്നറിയപ്പെടുന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാന കേസുമായി ബന്ധപ്പെട്ട് ദുരൂഹസാഹചര്യത്തില്‍ കാണാതായ ഡ്രൈവർ രജിത്ത് കുമാറിനെയും ഭാര്യയേയും പൊലീസ് ഗുരുവായൂരിൽ നിന്നും കണ്ടെത്തി. എലത്തൂർ സ്വദേശി രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് ദുരുഹ സാഹചര്യത്തിൽ കാണാതായത്. കോഴിക്കോട് നിന്നും ഇവർ ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് മുൻനിർത്തി നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ഗുരുവായൂരിൽ നിന്നും കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഈ ദമ്പതികളെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ഇവരെ കോഴിക്കോട് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
മാമി തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മാമിയുടെ ഡ്രൈവറായിരുന്ന രജിത്ത് കുമാറിനെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. ഫോൺ പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് രജിത്തിനെയും ഭാര്യയെയും കാണാനില്ലെന്ന് പറഞ്ഞ് ഭാര്യസഹോദരൻ നടക്കാവ് പൊലീസിൽ പരാതി നൽകിയത്. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ ഇവർ മുറിയെടുത്ത് താമസിച്ചിരുന്നെന്നും, പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നായിരുന്നു പരാതി.
കോഴിക്കോട് നിന്നും ദമ്പതികൾ ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ ഗുരുവായൂരിൽ നിന്നും പൊലീസ് കണ്ടെത്തിയത്. ഓട്ടോയിൽ പോയത് റെയിൽവേ സ്റ്റേഷനിലേക്കാണെന്നും, അവിടെ നിന്നും അവർ തെക്കോട്ടുള്ള ട്രെയിനിൽ കയറിയതായും പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് ഇവരുടെ ചിത്രം സഹിതമുള്ള പോസ്റ്റർ പൊലീസ് പുറത്തിറക്കി. ഇതാണ് വഴിത്തിരിവായത്. ദമ്പതികൾ ഗുരുവായൂരിലെ ഒരു ലോഡ്ജിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.പൊലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അടുത്തിടെ രജിത്ത് കുമാർ മാമി ആക്ഷൻ കൗൺസിലിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു വോയ്സ് സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ നടക്കാവ് പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി. തങ്ങളെ കുടുക്കുവാൻ ശ്രമം നടക്കുകയാണെന്നായിരുന്നു ആരോപണം. 20 വര്‍ഷത്തിലേറെയായി രജിത് കുമാര്‍ മാമിയുടെ ഡ്രൈവറായിരുന്നു. 2023 ഓഗസ്റ്റ് 21 നാണ് മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കാണാതാകുന്നത്.