കോഴിക്കോട്: അന്തരിച്ച മലയാളത്തിന്റെ വിശ്വ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിലാണ് അദ്ദേഹം എത്തിയത്. നടനും സംവിധായകനുമായ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. എം ടിയുടെ മരണസമയത്ത് അസർബൈജാനിൽ ഷൂട്ടിംഗിലായിരുന്നതിനാൽ മമ്മൂട്ടിക്ക് അദ്ദേഹത്തെ അവസാനമായി കാണാൻ സാധിച്ചിരുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെ മമ്മൂട്ടി സിതാരയിൽ എത്തുകയായിരുന്നു.
എം.ടിയെ മറക്കാൻ പറ്റാത്തതുകൊണ്ടാണ് താൻ വന്നത് മറ്റൊന്നും പറയാനില്ല എന്നായിരുന്നു സന്ദർശനത്തിന് ശേഷം മമ്മൂട്ടി പറഞ്ഞത്. എം.ടിയുടെ മരണസമയത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടി ദുഃഖം രേഖപ്പെടുത്തിയിരുന്നു. സിനിമ ബന്ധത്തെക്കാൾ ഉപരി വല്ലാത്തൊരു ആത്മബന്ധമായിരുന്നു മമ്മൂട്ടിയും എംടിയും തമ്മിലുണ്ടായിരുന്നത്. മമ്മൂട്ടിക്ക് പകര്‍ന്നാടാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങളാണ് എംടി മെനഞ്ഞെടുത്തത്.
ഡിസംബർ 25 നാണ് മലയാളത്തിന്റെ പ്രിയ കഥാകാരൻ എം ടി വിട പറഞ്ഞത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം.